മംഗളൂരു: അഷ്ടമഠങ്ങളിലൊന്നായ ഉഡുപ്പി ഷിരൂർ മഠത്തിന്റെ 31-ാമത് അധിപതിയായി അനിരുദ്ധ സാരസതായയെ അവരോധിച്ചു. ചടങ്ങുകൾക്ക് മുമ്പേ വേദവർധ തീർഥ എന്ന പേര് സ്വീകരിച്ചിരുന്നു. ഷിരൂർ മൂലമഠം പരിസരത്ത് സ്വാമി വിശ്വവല്ലഭ തീർഥയുടെ നേതൃത്വത്തിലാണ് അവരോധച്ചടങ്ങുകൾ നടന്നത്.

ഉത്തര കന്നഡയിലെ സോദെ മഠത്തിലാണ് ചടങ്ങുകൾ നടക്കാറുള്ളതെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷിരൂർ മഠത്തിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച സ്വാമി വിശ്വവല്ലഭയുടെ നേതൃത്വത്തിൽ സന്ന്യാസം സ്വീകരിച്ചു. ചടങ്ങുകൾക്കുശേഷം വേദവർധ തീർഥ ഉഡുപ്പിയിലെത്തി അഷ്ടമഠാധിപൻമാരെ കണ്ട് അനുഗ്രഹം വാങ്ങി.

ഷിരൂർ മഠാധിപനായിരുന്ന ലക്ഷ്മീവര തീർഥസ്വാമി 2018 ൽ സമാധിയായശേഷം ഒഴിഞ്ഞുകിടന്നിരുന്ന മഠാധിപസ്ഥാനത്തേക്കാണ് കൗമാരക്കാരനായ വേദവർധ തീർഥ അവരോധിക്കപ്പെട്ടത്.