മഞ്ചേശ്വരം: ഓരോ നിമിഷവും മണൽത്തിട്ടകൾ ഇളകിക്കൊണ്ടിരുന്നു. തിരമാലയടിക്കുമ്പോൾ മണൽത്തിട്ടയ്ക്കപ്പുറത്തുള്ള വീട് ഇളകിത്തുടങ്ങി. അധികം കഴിഞ്ഞില്ല, ആളുകൾ നോക്കിനിൽക്കെ ഇരുനില കോൺക്രീറ്റ് വീട് കടലെടുത്തു. ഉപ്പള മൂസോടി മലബാർ നഗറിലെ മൂസ ഇബ്രാഹിമിന്റെ വീടാണ് ശനിയാഴ്ച രാവിലെ പൂർണമായും നിലംപൊത്തിയത്. വീട്ടിൽ ആൾത്താമസമുണ്ടായിരുന്നില്ല. ഒരുമാസം മുൻപ് സമാനരീതിയിൽ കടലേറ്റമുണ്ടായപ്പോൾ വീട്ടുകാർ താമസംമാറ്റിയിരുന്നു.

പ്രദേശത്തെ ആസിയുമ്മയുടെയും സുലൈമാന്റെയും വീടുകളും ഭാഗികമായി തകർന്നു. രണ്ടുദിവസമായി ശക്തമായ കടലേറ്റമാണ് ഈ ഭാഗങ്ങളിലുണ്ടായത്. കഴിഞ്ഞ രണ്ടുവർഷം തുടർച്ചയായുണ്ടായ കടലേറ്റത്തിൽ ഒട്ടേറെ കുടുംബങ്ങൾക്ക് ഇവിടെ വീടും സ്ഥലവും നഷ്ടപ്പെട്ടിരുന്നു. ഇവരിൽ പലരും വാടകവീടുകളിലും ബന്ധുവീട്ടിലുമാണ് ഇപ്പോഴും താമസിക്കുന്നത്. ചിലർക്ക് നാമമാത്രമായ തുക നഷ്ടപരിഹാരമായി ലഭിച്ചു.

മൂസോടി മലബാർ നഗറിലെ മജീദ്, ഹനീഫ, ഖദീജ, റിയാസ് എന്നിവരുടെ വീട് കഴിഞ്ഞവർഷമുണ്ടായ കടലേറ്റത്തിൽ തകർന്നിരുന്നു. കടലേറ്റസമയത്ത് അധികൃതരും ജനപ്രതിനിധികളും വന്ന് ആശ്വസിപ്പിച്ച് തിരിച്ചുപോകുമെന്നും ശാശ്വതപരിഹാരത്തിന് ആരുടെയും സഹായം കിട്ടുന്നില്ലെന്നും ഇവർ പറയുന്നു.