കൊച്ചി: ലോക്ഡൗണിൽ ഇളവുണ്ടായിട്ടും കാര്യമായ ചലനങ്ങളില്ലാതെ നിർമാണ മേഖല. നിർമാണ സാമഗ്രികൾക്കെല്ലാം വില പെട്ടെന്ന് കയറുകയും ചെയ്തു. സിമന്റ് വിലക്കയറ്റത്തിനും ക്ഷാമത്തിനും പുറമേ ഹാർഡ്‌വേർ മേഖലയിലും വൻ വിലക്കയറ്റമാണ്. നിർമാണ സാമഗ്രികൾക്കെല്ലാം 30 മുതൽ 45 ശതമാനം വിലക്കയറ്റമാണ് രണ്ടര മാസം കൊണ്ടുണ്ടായത്. സർക്കാർ മേഖലയിലടക്കം നേരത്തെ കൊടുത്ത ക്വട്ടേഷനിൽ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.

സിമന്റ് വില ചാക്കിന് 400 കടന്നു. ബ്രാൻഡഡ് കമ്പികൾക്ക് രണ്ടര മാസം കൊണ്ട് ചില്ലറവില്പന വില 55 രൂപയിൽനിന്ന്‌ 80 രൂപ വരെയായി. ബ്രാൻഡഡ് അല്ലാത്തവ 45-55-ൽ നിന്ന്‌ 66-70 രൂപ വരെയെത്തി. ട്രസ്‌ വർക്കിനടക്കം ഉപയോഗിക്കുന്ന ഗാൽവനൈസ്ഡ് പൈപ്പുകൾക്ക് കിലോയ്ക്ക് മൂന്നുമാസം മുമ്പ് 63-65 രൂപയുണ്ടായിരുന്നതിന് ഇപ്പോൾ 104-110 രൂപയായി. ഗാൽവനൈസ്ഡ് അയേൺ പൈപ്പുകളുടെ വില 70-ൽ നിന്ന്‌ 95-100 രൂപ വരെ എത്തി.

തട്ടടിക്കാൻ ഉപയോഗിക്കുന്ന എം.എസ്. ഷീറ്റ്, എച്ച്.ആർ. ഷീറ്റ് എന്നിവയ്ക്ക് 15 മുതൽ 30 രൂപ വരെ കൂടി. ട്രസ്‌ വർക്കിനുള്ള ഷീറ്റിനും വൻതോതിൽ വില കൂടി. ഒരു മീറ്റർ വീതിയും ഒരടി നീളവുമുള്ള 3.50-4.50 ഗെയ്ജുള്ള ബ്രാൻഡഡ് പ്രീമിയം ഷീറ്റ് വില 150-ൽ നിന്ന്‌ 190 രൂപയിലേക്കാണ് കുതിച്ചത്. ഇടത്തരം ഷീറ്റിന് 118-145-ൽ നിന്ന്‌ 145-170-ലേക്കും. 82-85 രൂപയ്ക്ക് ലഭിച്ചിരുന്ന നിലവാരം കുറഞ്ഞ ഷീറ്റുകൾക്കും വില 100 കടന്നു.

കയറ്റുമതി കൂടിയതും കേന്ദ്ര പൊതുമേഖലയിലുള്ള സ്റ്റീൽ കമ്പനികൾ വില കൂട്ടാൻ തുടങ്ങിയതുമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് കച്ചവടക്കാർ പറയുന്നു. കോവിഡ് ആയതിനാൽ പല പ്ലാന്റുകളും അടച്ചിട്ടിരിക്കുകയാണ്.