നെടുമ്പാശ്ശേരി: പശ്ചിമ ബംഗാളിൽനിന്ന് ഓക്‌സിജൻ കേരളത്തിൽ എത്തിക്കുന്നതിന് കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഓക്‌സിജൻ ടാങ്കർ പ്രത്യേക വിമാനത്തിൽ അയച്ചു. കൊച്ചിയിൽനിന്ന്‌ എത്തിച്ച മൂന്ന് ടാങ്കറുകളിലൊന്നാണ് കോയമ്പത്തൂരിൽ നിന്ന്‌ അയച്ചത്. ശനിയാഴ്ച രാവിലെ ഏഴിനാണ് കോയമ്പത്തൂരിൽനിന്ന്‌ ആദ്യ ടാങ്കറുമായി വിമാനം പുറപ്പെട്ടത്. രണ്ടാമത്തേത് ഉച്ചയ്ക്ക് ഒരു മണിക്കും മൂന്നാമത്തേത് വൈകീട്ടുമാണ് അയയ്ക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ ആയതിനാൽ കാർഗോ വിമാനത്തിന് ഇറങ്ങാൻ കഴിഞ്ഞില്ല. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ ബാക്കി രണ്ട് ടാങ്കറുകൾ കൂടി കയറ്റിവിടാനാകൂ.

വെള്ളിയാഴ്ച രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്‌ ടാങ്കറുകൾ അയയ്ക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ കാർഗോ വിമാനത്തിന് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് വെള്ളിയാഴ്ച രാത്രിതന്നെ കൊച്ചിയിൽനിന്ന് മൂന്ന് ടാങ്കറുകളും കോയമ്പത്തൂർക്ക് കൊണ്ടുപോയി. ഒമ്പത് ടൺ വീതം ഓക്‌സിജൻ നിറയ്ക്കാവുന്ന ടാങ്കറുകളാണിവ.

കൊൽക്കത്ത വിമാനത്താവളത്തിൽനിന്ന് ടാങ്കറുകൾ ഓക്‌സിജൻ പ്ലാന്റിലെത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും പരിശീലനം ലഭിച്ച ഡ്രൈവർമാരും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും വിമാനത്തിൽ പോകുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്‌സിജൻ സിലിൻഡറുകൾ അടക്കമുള്ള ക്യാപ്‌സ്യൂളുകളും എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഓക്‌സിജൻ നിറച്ച ശേഷം ടാങ്കറുകൾ റോഡ് മാർഗമാണ് കേരളത്തിലെത്തിക്കുക. ഇതിനിടെ യു.എ.ഇ.യിൽനിന്ന് 700 കിലോഗ്രാം ഓക്‌സിജൻ വിമാന മാർഗം കൊച്ചിയിലെത്തിച്ചു.