ആലപ്പുഴ: ഇ-സേവനത്തിനു ഫീസടയ്ക്കുന്നവരിൽനിന്ന് സർവീസ് ചാർജും ഈടാക്കിയതോടെ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്കു സംസ്ഥാന ഐ.ടി. മിഷൻ വിലക്കേർപ്പെടുത്തി. ഇതോടെ സർക്കാർ സേവനങ്ങൾക്കു ഡെബിറ്റ് കാർഡുപയോഗിച്ച് പണമടയ്ക്കാൻ പറ്റാതായി.

സാധാരണ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 2,000 രൂപയിൽത്താഴെ കൈമാറുമ്പോൾ തുകയുടെ 0.45 ശതമാനവും 2,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്കു 0.90 ശതമാനവും അക്കൗണ്ടുടമയിൽനിന്ന് കമ്മിഷൻ ഈടാക്കുമായിരുന്നു. എന്നാൽ, അടുത്തിടെ സേവനം നൽകുന്ന സ്ഥാപനത്തിൽനിന്ന് സർവീസ് ചാർജും ഈടാക്കിത്തുടങ്ങിയതാണു പ്രശ്നമായത്. ഇടപാടുകാരൻ നൽകുന്ന തുകയിൽ കുറവെ ശരിക്കും സർക്കാരിന്റെ പക്കലെത്തൂ. സർക്കാരിന്റെ ഇ-ഡിസ്ടിക്ട് ആപ്ലിക്കേഷൻ പേയ്‌മെന്റ് സംവിധാനത്തിൽ പുതിയചാർജുകൾ സംയോജിപ്പിക്കാനുള്ള സംവിധാനമില്ല. ഉണ്ടെങ്കിൽ ഇടപാടുകാരനിൽനിന്ന് ആ തുക കൂടി ഉൾപ്പെടുത്തി ഫീസ് ഈടാക്കാമായിരുന്നു. പക്ഷേ, അതു തയ്യാറാക്കിയെടുക്കാൻ സമയംവേണ്ടിവരും. അതുകൊണ്ടുകൂടിയാണു ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ വിലക്കിയത്.

ഇ-സേവനങ്ങൾക്ക് ഇൻറർനെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നവരാണു കൂടുതലെന്നതിനാൽ ഡെബിറ്റ് കാർഡ് നിരോധനം വലിയപ്രശ്നമാവില്ലെന്നാണു സംസ്ഥാന ഐ.ടി. മിഷനിലെ ഇ-ഗവേർണൻസ് വിഭാഗം മേധാവി എൻ. ജയരാജ് പറയുന്നത്. എങ്കിലും ബാങ്കിങ് സേവനദാതാക്കളുമായി പ്രശ്നം ചർച്ചചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു.