തിരുവനന്തപുരം: വ്യാജ കേസുകൾ സൃഷ്ടിച്ച് ബി.ജെ.പി.ക്കെതിരേ സി.പി.എം. ഒളിയുദ്ധം നടത്തുകയാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. കോർ കമ്മിറ്റി അംഗങ്ങൾ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി.യെ ഉൾപ്പെടുത്താൻ ശ്രമിച്ച് നാണംകെട്ട പോലീസ് മഞ്ചേശ്വരം കേസിൽ കെ.സുരേന്ദ്രനെ കുടുക്കാൻ ശ്രമിക്കുകയാണ്. സത്യവാങ്മൂലം നൽകി പത്രിക പിൻവലിച്ച സുന്ദരയെക്കൊണ്ട് രണ്ടുമാസത്തിനുശേഷം കേസ് കൊടുപ്പിച്ചത് സി.പി.എമ്മിന് ബി.ജെ.പി.ക്കു നേരേ പോരാടാൻ ശേഷിയില്ലാത്തത് കൊണ്ടാണ്.

സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ അധ്യക്ഷനായി. ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ഒ.രാജഗോപാൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, പി.സുധീർ, സി.കൃഷ്ണകുമാർ, ജോർജ് കുര്യൻ, ജെ.ആർ.പദ്മകുമാർ, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവർ പങ്കെടുത്തു.