തിരുവനന്തപുരം: വേർപാടിന്റെ അരനൂറ്റാണ്ട് തികയുന്ന നാളിൽ അനശ്വര നടൻ സത്യന് സഹൃദയലോകത്തിന്റെ സ്മരണാഞ്ജലി. പാളയം എം.എം.പള്ളിയിലെ സത്യന്റെ ശവകുടീരത്തിൽ പ്രാർഥനയും പുഷ്പാർച്ചനയും നടത്തിയും ഓൺലൈനായി അനുസ്മരണം സംഘടിപ്പിച്ചും ആരാധകർ സത്യന് ഓർമപ്പൂക്കൾ അർപ്പിച്ചു.

സത്യൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മക്കളായ സതീഷ് സത്യൻ, ജീവൻ സത്യൻ എന്നിവരും കുടുംബാംഗങ്ങളും സ്മൃതികുടീരത്തിലെത്തി പ്രാർഥന നടത്തി. സത്യൻ സ്മാരകത്തിനു വേണ്ടി കേരള കൾച്ചറൽ ഫോറം പ്രസിഡന്റ് ഷാജി വിൽസൻ, ജനറൽ സെക്രട്ടറി പി.വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക മാധ്യമങ്ങൾക്ക് ഇടമില്ലാത്ത കാലത്ത് യഥാർത്ഥ ജീവിതത്തിലെന്ന പോലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനപ്രീതി നേടിയ നടനാണ് സത്യനെന്ന് മന്ത്രി പറഞ്ഞു.

മലയാള സിനിമയിൽ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ആസ്വാദക വൃന്ദത്തെ സൃഷ്ടിച്ച നടനാണ് സത്യനെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അനുസ്മരിച്ചു. കൾച്ചറൽ ഫോറം പ്രസിഡന്റ് ഷാജി വിൽസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വിജയൻ, ട്രഷറർ ജെ.സ്റ്റാലിൻ, കെ.ജയചന്ദ്രൻ, ജോൺ മനോഹർ, എസ്.കെ.വിജയകുമാർ, ജസ്റ്റിൻ ലൂയിസ് എന്നിവർ പ്രസംഗിച്ചു.

സത്യൻ ഫൗണ്ടേഷന്റെ ‘സത്യൻ സ്മൃതി’ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. മുൻ മന്ത്രി എ.കെ.ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. നടൻ മധു, സംവിധായകൻ കെ.എസ്. സേതുമാധവൻ എന്നിവർ പങ്കെടുത്തു.