തിരുവനന്തപുരം: നാണവും മാനവുമുണ്ടെങ്കിൽ നിയമസഭാ കൈയാങ്കളി കേസിൽ സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെ.എം. മാണി അഴിമതിക്കാരനെന്ന് അന്ന് പറഞ്ഞവർ ഇപ്പോൾ അന്നത്തെ സർക്കാരിന്റെ അഴിമതിക്കെതിരായ പ്രതിഷേധമാണെന്നു മാറ്റിപ്പറഞ്ഞ് വിവാദത്തിൽനിന്ന് തടിയൂരാനാണ് ശ്രമിക്കുന്നത്.

നിയമസഭയ്ക്കകത്ത് നടന്ന ഒരു ക്രിമിനൽക്കുറ്റത്തിൽനിന്നു തടിയൂരാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാർ നാണംകെട്ടു -കെ. സുരേന്ദ്രൻ

കോഴിക്കോട്: കൈയാങ്കളി കേസ് പിൻവലിക്കാനുള്ള അനുമതിക്കായി സുപ്രീംകോടതിയിലെത്തിയ സംസ്ഥാന സർക്കാർ നാണംകെട്ടുവെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. ഏകപക്ഷീയമായി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് എന്തധികാരമാണുള്ളതെന്ന കോടതിയുടെ ചോദ്യം പിണറായി വിജയന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. ക്രിമിനൽ കേസിൽ പ്രോസിക്യൂഷൻ നേരിടാൻ അന്നത്തെ എം.എൽ.എ.മാർ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.