തിരുവനന്തപുരം: ഇന്ധനനികുതിക്കൊള്ള തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ 100 കിലോമീറ്റർ സൈക്കിൾ ചവിട്ടിയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനു രാജ്ഭവനു മുന്നിൽ സമാപനം. കായംകുളത്തുനിന്ന് ബുധനാഴ്ച ആരംഭിച്ച സൈക്കിൾ റാലിയുടെ സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു റാലി.

ജനാധിപത്യത്തെ അവഗണിക്കുന്ന ഫാസിസ്റ്റ് ഭരണത്തിന് അവസാനം കുറിക്കുംവരെ പോരാട്ടങ്ങൾ തുടരേണ്ടിവരുമെന്ന് കെ. സുധാകരൻ പറഞ്ഞു. ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കാനാവാത്ത ഇരുമ്പ് മനസ്സുള്ള പ്രധാനമന്ത്രിയാണു രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വിപണിയിലെ വില പകുതിയായിട്ടും ഇന്ത്യയിൽ ഇന്ധനവില ഇരട്ടിയായത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അന്യായ നികുതികൊണ്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

ഇന്ധനവില നിയന്ത്രിക്കുന്ന കാര്യത്തിൽ മോദിയും പിണറായിയും സമാന മനസ്കരാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സ്വർണം കടത്തിയും ക്വട്ടേഷൻ ഏറ്റെടുത്തുമല്ല, ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്താണ് യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുകയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, കെ.സി. ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ എന്നിവരും പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന-ജില്ലാ നേതാക്കളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു.