തിരുവനന്തപുരം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ നൽകും. മത്സ്യഫെഡ്‌വഴി നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോജനം 16,000 മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കും. ഒരുവർഷം 15,000 കിലോലിറ്റർ മണ്ണെണ്ണയാണ് മത്സ്യമേഖലയ്ക്ക് വേണ്ടത്. ഇടനിലക്കാരെ ഒഴിവാക്കാൻ മത്സ്യഫെഡിന്റെ 13 ബങ്കുകൾ വഴിയാകും മണ്ണെണ്ണവിതരണം. അർഹതയുള്ളവർക്കുമാത്രമായി ആനുകൂല്യം നിജപ്പെടുത്തുന്നതോടെ ഒരു തൊഴിലാളിയുടെ മാസക്വാട്ട 150 ലിറ്ററിൽ അധികമായി ഉയർത്താനാകും. 60 കോടി രൂപ ഇതിനായി ചെലവിടും.
കാലപ്പഴക്കംചെന്ന മണ്ണെണ്ണ എൻജിനുകൾ പെട്രോളിലേക്ക് മാറ്റുന്നതിനും ഇന്ധനസബ്‌സിഡി ലഭിക്കും.
മത്സ്യബന്ധനയാനങ്ങൾക്ക് വായ്പ
ആഴക്കടൽ മത്സ്യബന്ധനത്തിന് ആധുനിക സംവിധാനങ്ങളോടെ 100 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്ക് വായ്പ അനുവദിക്കും. 1.75 കോടി രൂപ ചെലവുള്ള ഒരു യൂണിറ്റിന് 25 ശതമാനം സബ്‌സിഡി ലഭിക്കും.
മത്സ്യഫെഡ്, തീരദേശ വികസന കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെ തീരമൈത്രി, സാഫ് സ്ത്രീകൂട്ടായ്മ എന്നിവവഴി 5000 പേർക്ക് തൊഴിൽ നൽകും. 20,000 കുളങ്ങളിൽ ഒരുകോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും.
തീരദേശവികസനത്തിന് 5000 കോടിയുടെ പാക്കേജ്
അക്വാകൾച്ചറിന് 66 കോടി രൂപ നൽകും. തീരദേശവികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കും. ഇതിൽ 1500 കോടി രൂപ 2021-ൽ പ്രതീക്ഷിക്കാം.
വാർഷികപദ്ധതിയിൽ 209 കോടി രൂപയും കിഫ്ബിയിൽനിന്ന് ഫിഷിങ് ഹാർബറുകൾക്ക് 209 കോടി രൂപയും കിട്ടും. കടൽഭിത്തി (109 കോടി) ആശുപത്രികളും സ്കൂളുകളും (165 കോടി) 65 മാർക്കറ്റുകൾക്ക് (193 കോടി)എന്നിവയുൾപ്പെടെ മൊത്തം 676 കോടി രൂപ നൽകും.
തീരസംരക്ഷണത്തിന് 100 കോടി രൂപ
തീരസംരക്ഷണത്തിന് കിഫ്ബിയിൽനിന്ന് 100 കോടി രൂപയും തീരദേശ റോഡുകൾക്കുവേണ്ടി ഹാർബർ എൻജിനിയറിങ് വകുപ്പിന് 100 കോടി രൂപയും അനുവദിക്കും. കടൽത്തീരത്തിന് 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി രൂപ ചെലവഴിച്ച് പുനർഗേഹം പദ്ധതിയിൽ പുനരധിവസിപ്പിക്കും.
ഉൾനാടൻ മത്സ്യബന്ധനത്തിനും മത്സ്യകൃഷിക്കുംവേണ്ടി 92 കോടി രൂപയും അനുവദിച്ചു. വായ്പക്കുടിശ്ശിക തീർക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽപദ്ധതി നടപ്പാക്കും. ഓൺലൈൻ മത്സ്യക്കച്ചവടത്തിന് ഇ-ഓട്ടോ വാങ്ങുന്നതിന് മത്സ്യഫെഡ് വായ്പ നൽകും. 25 ശതമാനമാണ് സബ്‌സിഡി. കക്കസംഘങ്ങൾക്ക് മൂന്നുകോടിയും പ്രതിഭാതീരം പദ്ധതിക്ക് 10 കോടി രൂപയും നൽകും.