കൊച്ചി: കോവിഡ് വ്യാപനത്തിൽ മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധിയെത്തുടർന്ന് എം.ബി.ബി.എസ്. ഹൗസ് സർജൻസി വിദ്യാർഥികളുടെ പരിശീലന കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടുന്നു. സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്. അവസാനവർഷ പരീക്ഷ വൈകുന്നതിനാൽ ഹൗസ് സർജൻസി പുതിയ ബാച്ചിലേക്ക് ഡോക്ടർമാർ എത്താനിടയില്ല. ഈ സാഹചര്യത്തിലാണ് നിലവിൽ ഹൗസ് സർജൻസി ചെയ്യുന്നവരെ മൂന്നുമാസത്തേക്ക് കാലാവധി നീട്ടാൻ മെഡിക്കൽ കോളേജുകൾ തീരുമാനിച്ചത്. ഇതോടെ ഹൗസ് സർജൻസി പൂർത്തിയാക്കിയവർക്ക് ജോലിയിലേക്കോ പി.ജി. എൻട്രൻസിലേക്കോ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ. ഏപ്രിൽ മാസത്തിലാണ് സാധാരണ പുതിയ ബാച്ച് ആരംഭിക്കുന്നത്, എന്നാൽ, പരീക്ഷ വൈകുന്നതിനാൽ ഇത്തവണ ഹൗസ് സർജൻമാർ എത്താൻ വൈകും. കോവിഡ് രണ്ടാംഘട്ടത്തിൽ ആരോഗ്യമേഖലയിൽ കൂടുതൽ ആളുകളുടെ സേവനം ആവശ്യവുമാണ്. ഈ പ്രതിസന്ധിയെ മറികടക്കാനാണ് മൂന്നുമാസത്തേക്ക് പരിശീലന കാലയളവ് നീട്ടുന്നത്.

പരിശീലന കാലയളവ് നീളുന്നതിനൊപ്പം ഇവരുടെ സ്ഥിര രജിസ്‌ട്രേഷനും നടക്കാതെവരും. ഹൗസ് സർജൻസി പൂർത്തിയാക്കിയാൽ മാത്രമാണ് സ്ഥിരരജിസ്‌ട്രേഷന് യോഗ്യത നേടുന്നത്. സ്ഥിര രജിസ്‌ട്രേഷൻ തടസ്സപ്പെടുന്നതിനൊപ്പം ഇവരുടെ ഉന്നതപഠനവും നീളും. ദേശീയതലത്തിലാണ് ഉന്നതപഠന പ്രവേശന പരീക്ഷ നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ എം.ബി.ബി.എസുകാരുടെ ഹൗസ് സർജൻസി കഴിഞ്ഞിട്ടുണ്ട്. ഇവർക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പുകൾ നടത്താൻ കഴിയും. എന്നാൽ, കേരളത്തിലെ വിദ്യാർഥികൾക്ക് ഇതിനു സാധിക്കാതെവരുമെന്നാണ് യുവഡോക്ടർമാരുടെ പരാതി.