കാക്കനാട്: വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും ഇരുട്ടിൽതന്നെ. സംഭവം നടന്ന് ഒരു മാസമാകാറായിട്ടും സനുവിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലും കേരളത്തിലും ഉൾപ്പെടെ നീണ്ട തിരച്ചിൽ നടത്തുകയും സനുവിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും പ്രത്യേകിച്ച് തുമ്പൊന്നും കിട്ടിയില്ല.

തുടക്കത്തിലെ അന്വേഷണത്തിൽ ചില പാളിച്ചകൾ ഉണ്ടായതായാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതിനാൽത്തന്നെ പുതിയ ചില വഴികളിലേക്കാണ് ഇപ്പോൾ അന്വേഷണം നീളുന്നത്. ഇതിന്റെ തുടർച്ചയായി ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം ഊർ‍ജിതപ്പെടുത്തി.

ഇതിനോടകം പത്ത് തവണയെങ്കിലും ഫ്ളാറ്റിൽ അന്വേഷണ സംഘം അരിച്ചുപെറുക്കിയിട്ടുണ്ട്. അടച്ചിട്ട മുറികൾ പൂട്ടു പൊളിച്ച് പരിശോധിക്കുക വരെ ചെയ്തു. ഫ്ളാറ്റിന്റെ അസോസിയേഷൻ സെക്രട്ടറി കൂടിയായിരുന്നു സനു.

ആലപ്പുഴയിൽനിന്ന് മാർച്ച് 21-ന് രാത്രി സനു മോഹനും മകളും ഫ്ളാറ്റിൽ വന്നിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അന്ന് രാത്രി സനു മോഹൻ മകളെ അബോധാവസ്ഥയിൽ തുണികൊണ്ട് പുതപ്പിച്ച് കാറിൽ കൊണ്ടുപോയെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് തെളിവില്ല. ഫ്ളാറ്റിലെ ഒരാളാണ് ഇതു കണ്ടെന്നു പറയുന്നത്. ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുന്നില്ല. സനുവും മകളും പുറത്തുപോയെന്ന് ചൂണ്ടിക്കാട്ടിയ ആളെ പോലീസ് ചോദ്യം ചെയ്തിരുന്നു. രാത്രിയിൽ ജോലിയിലുണ്ടായിരുന്ന ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരൻ സനുവിന്റെ കാർ പുറത്തേക്കു പോകുന്നത് കണ്ടെങ്കിലും ഇതിൽ കുട്ടിയുണ്ടായിരുന്നോ, വണ്ടിയോടിച്ചിരുന്നത് സനുവാണോ എന്നീ കാര്യങ്ങൾ വ്യക്തമല്ലെന്നാണ് മൊഴി നൽകിയത്.

ഫ്ളാറ്റിലെ സി.സി.ടി.വി. ഈ ദിവസങ്ങളിൽ പ്രവർത്തിക്കാതിരുന്നതിനു പിന്നിലും ദുരൂഹതയുണ്ട്. ഇവർ പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു ലഭിച്ചിട്ടില്ല. പരിസര പ്രദേശത്തൊന്നും ക്യാമറകൾ ഇല്ലാത്തതിനാൽ ആ വഴിയും അടഞ്ഞു. ചെക്‌ പോസ്റ്റിലൂടെ സനുവിന്റെ കാർ കടന്നുപോയതോടെയാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് നീണ്ടത്. എന്നാൽ വണ്ടിയോടിച്ചത് സനു ആണെന്ന് പോലീസിന് ഉറപ്പിക്കാനായിട്ടില്ല.

സനു മോഹനെ നാട്ടിൽത്തന്നെ ആരെങ്കിലും അപായപ്പെടുത്താനോ തടവിലാക്കാനോ ഉള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ഇയാളുടെ സഹോദരൻ ഷിനു മോഹൻ ആവശ്യപ്പെട്ടിരുന്നു.

സനുവിനെ കണ്ടെത്താൻ നാല് ഭാഷകളിൽ നോട്ടീസ്

കാക്കനാട്: മുട്ടാർ പുഴയിൽ പെൺകുട്ടി മുങ്ങിമരിച്ച സംഭവത്തിൽ കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ താമസിക്കുന്ന പിതാവ്‌ സനു മോഹനനെ (40) കണ്ടെത്താനായി പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി മലയാളം കൂടാതെ നാല് ഭാഷകളിൽ കൂടി തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. സനുവിന്റെയും ഇയാളുടെ ഫോക്സ് വാഗൺ കാറിന്റെയും ചിത്രത്തോടൊപ്പമാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലാണ് പുതിയ തിരച്ചിൽ നോട്ടീസ്. കേസിന്റെ അന്വേഷണ പുരോഗതി ഡി.ജി.പി. തലത്തിൽ ഒാരോ ദിവസവും വിലയിരുത്തുന്നുണ്ട്. ഫ്ളാറ്റിൽനിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളിൽനിന്ന് മൊഴിയെടുക്കും.