കണ്ണൂർ/വടകര: പെരിങ്ങത്തൂർ പുല്ലൂക്കരയിൽ മുസ്‌ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയടക്കം രണ്ടുപേരെക്കൂടി ഡിവൈ.എസ്.പി. പി. വിക്രമിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഒതയോത്ത് വീട്ടിൽ വിപിൻ (28), ഒതയോത്ത് വീട്ടിൽ സംഗീത് (22) എന്നിവരാണ് പിടിയിലായത്. ഇവരെ തലശ്ശേരി കോടതിയിൽ ഹാജരാക്കും. ഇരുവരും സി.പി.എം. അനുഭാവികളാണ്.

ബോംബെറിഞ്ഞത് വിപിനാണെന്നാണ്‌ സൂചന. പ്രഥമവിവര റിപ്പോർട്ടിൽ പേരില്ലാതിരുന്ന ഇയാളെ സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിയുകയായിരുന്നു. പ്രഥമവിവര റിപ്പോർട്ടിൽ പേരുള്ള സംഗീത് അടിപിടിയിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞദിവസം പിടിയിലായ ബിജേഷിനെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോന്താൽ പാലത്തിന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

കേസിലെ രണ്ടാംപ്രതി കൂലോത്ത് രതീഷ് വളയത്തിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കുന്ന വടകര റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷാജി ജോസ് എന്നിവർ തലശ്ശരി റെസ്റ്റ് ഹൗസിലെത്തി വിപിനെ ചോദ്യംചെയ്തു.

ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പിടിയിലാകുന്ന രണ്ടാമത്തെ പ്രതിയാണ് വിപിൻ. സി.സി.ടി.വി. ദൃശ്യങ്ങൾക്കുപുറമേ സംഭവത്തിന്റെ അടുത്ത ദിവസങ്ങളിൽ മേഖലയിൽ നടന്ന മൊബൈൽ ഫോൺ വിശദാംശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. കോൾ വിശദാംശങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുന്നത് വ്യത്യസ്ത സംഘങ്ങളാണ്. നിലവിൽ ഒന്നാംപ്രതിയായി ചേർത്തിരിക്കുന്ന ഷിനോസിന്റെ പക്കൽനിന്ന് വീണുപോയതായി കരുതുന്ന കൊടുവാൾ ഫൊറൻസിക് പരിശോധനയ്ക്ക്‌ വിധേയമാക്കുന്നുണ്ട്‌. തെങ്ങിൻ മടൽ അടക്കമുള്ള ആയുധങ്ങളും ഏറ്റുമുട്ടലിൽ ഉപയോഗിച്ചിരുന്നു. ഇവയും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.