കതിരൂർ (കണ്ണൂർ): മലാൽ ആരോഗ്യകേന്ദ്രത്തിന് സമീപത്തെ വീട്ടുമുറ്റത്ത് നാടൻ ബോംബ് നിർമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ ഇരു കൈപ്പത്തികളും തകർന്നു. സി.പി.എം. പ്രവർത്തകനായ കൂറ്റേരിച്ചാൽ പറമ്പത്ത് ഹൗസിങ് കോളനിയിലെ നിജേഷിന്‌ (മാരിമുത്തു-38) പരിക്കേറ്റത്.

വിഷുദിവസം വൈകീട്ട് ആറോടെയാണ് സംഭവം. സുഹൃത്ത് ബിനുവിന്റെ വീട്ടുമുറ്റത്തുള്ള സിമന്റ് ടാങ്കിലേക്ക് കൈരണ്ടും താഴ്ത്തി ബോംബ് നിർമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉഗ്രശബ്ദത്തോടെയായിരുന്നു സ്ഫോടനം. അഞ്ച് സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നെങ്കിലും അവർക്ക്‌ പരിക്കില്ല. നിജേഷിനെ തലശ്ശേരി സഹകരണാശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം മംഗളൂരു ഫാ. മുള്ളേഴ്സ് ആശുപത്രിയിലും എത്തിച്ചു. കൈപ്പത്തികൾ മുറിച്ചുമാറ്റുകയല്ലാതെ തരമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തി.

വിഷുവായതിനാൽ പടക്കം പൊട്ടിയതാണെന്നാണ് സമീപവാസികൾ കരുതിയത്. രാത്രി ഒൻപതരയോടെ പോലീസ് വീട്ടിലെത്തിയെങ്കിലും സ്ഫോടനം വീടിന്റെ മേൽഭാഗത്ത് ആളൊഴിഞ്ഞ പറമ്പിലാണെന്ന് പറഞ്ഞ് ബിനു തെറ്റിദ്ധരിപ്പിച്ചു. ബിനുവിന്റെ സുഹൃത്തുക്കളും വീട്ടുകാരും ചേർന്ന് സംഭവം നടന്ന സ്ഥലം മഞ്ഞളും വെള്ളവുമിട്ട് കഴുകി വൃത്തിയാക്കിയിരുന്നു. വിശദമായ പരിശോധനയ്ക്കിടെ സംഭവം നടന്നത് ബിനുവിന്റെ വീട്ടുമുറ്റത്താണെന്ന്‌ തിരിച്ചറിഞ്ഞു. ഇതോടെ സ്ഥലത്ത് രാത്രികാവൽ ഏർപ്പെടുത്തി. വ്യാഴാഴ്ച ബോംബ് സ്ക്വാഡ്, ഫൊറൻസിക് വിഭാഗം എന്നിവർ ചേർന്ന് സ്ഥലം പരിശോധന നടത്തി. രണ്ട് വിരലുകൾ, മാംസക്കഷ്ണങ്ങൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെടുത്തു. സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോവൻ, ഡിവൈ.എസ്.പി. വി.സുരേഷ്, കതിരൂർ ഇൻസ്പെക്ടർ ബി.കെ.സിജു എന്നവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. അനധികൃതമായി വെടിമരുന്ന് കൈവശം വെച്ചതിന് ബിനുവിനെ (42) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാരിമുത്തുവിനെതിരെയും കേസുണ്ട്.

സി.പി.എമ്മിന് പങ്കില്ല

ബോംബ് സ്ഫോടനവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് പൊന്ന്യം ലോക്കൽ സെക്രട്ടറി എ.കെ.ഷിജു അറിയിച്ചു. വിഷുവുമായി ബന്ധപ്പെട്ട് പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്യുമ്പോൾ സംഭവിച്ച അപകടമാണ്. രാഷ്ട്രീയമായി ചിത്രീകരിക്കരുത്. നിജേഷിന് പാർട്ടി അംഗത്വമില്ലെന്നും ഷിജു പറഞ്ഞു.