കൊച്ചി: സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർച്ച ചെയ്യുന്ന ദമ്പതിമാർ അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ ടാക്സി ഡ്രൈവർക്കായുള്ള തിരച്ചിലിലാണ് പോലീസ്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ദമ്പതിമാർ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി ബലമായി കാറിൽ കയറ്റി. ശേഷം മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്നിരുന്ന ഒന്നേകാൽ പവന്റെ മാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും കവർന്നു. പെൺകുട്ടിയെ പാലാരിവട്ടത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു. ഈ കേസിലെ അന്വേഷണത്തിനിടെയാണ് പ്രതികൾ ഇതേ ദിവസം മറ്റൊരു പെൺകുട്ടിയെ കൂടി സമാനമായ രീതിയിൽ കവർച്ചയ്ക്കിരയാക്കിയതായി വിവരം ലഭിച്ചത്.

വൈറ്റില ഹബ്ബിൽ വെച്ച് മറ്റൊരു പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി ദേഹോപദ്രവം ഏൽപ്പിച്ച് കുരുമുളക് സ്‌പ്രേ അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി 20,000 രൂപയാണ് കവർന്നത്. പിന്നീട് പെൺകുട്ടിയെ റോഡിൽ തള്ളിയ പ്രതികളെ എരൂർ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ടാക്സി ഡ്രൈവർ ഒളിവിലാണ്.