തിരുവനന്തപുരം: വന്യജീവി പ്രതിരോധ വേലികളുടെ പരിപാലനവും അറ്റകുറ്റപ്പണികളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. വന്യജീവി ആക്രമണം കുറയ്ക്കാൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രൂപവത്കരിച്ചിട്ടുള്ള ജനജാഗ്രതാ സമിതികളുടെ യോഗം മൂന്നുമാസത്തിലൊരിക്കലെങ്കിലും ചേരാനും മന്ത്രി എം.വി. ഗോവിന്ദന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

വനാതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനുള്ള സാധ്യതകൾ ചർച്ചചെയ്യാൻ വിളിച്ച യോഗത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തു. വനാതിർത്തികളിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘർഷം നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്.

സൗരോർജ വേലികളുടെയും എലിഫന്റ് പ്രൂഫ് ട്രഞ്ചുകളുടെയും സൗരോർജ തൂക്കുവേലികളുടെയും അറ്റകുറ്റപ്പണികൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നൽകാൻ യോഗം തീരുമാനിച്ചു.

വന്യജീവി ആക്രമണ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ സമിതികൾ രൂപവത്കരിക്കാനും ധാരണയായി. നിലവിൽ 204 ജനജാഗ്രതാ സമിതികളാണുള്ളത്.