തിരുവനന്തപുരം: കരാറുകാരനിൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ വിജിലൻസ് പിടിയിലായി. തിരുവനന്തപുരം പബ്ളിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ ജോൺ കോശിയെയാണ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ്ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

അമൃത് പദ്ധതി 2017-2018ലെ കരാർപ്രകാരം ശ്രീകാര്യത്തിനടുത്തുള്ള ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റിയ ജോലിയുടെ ബില്ലുകൾ മാറിനൽകാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 90 ലക്ഷത്തോളം രൂപയുടെ ബില്ലാണ് മാറിനൽകേണ്ടിയിരുന്നത്.

ജോലികൾ പൂർത്തീകരിച്ചശേഷം കൊടുത്ത ബിൽ മൂന്ന് മാസമായിട്ടും പാസാകാത്തതുകൊണ്ട് കരാറുകാരനായ മനോഹരൻ ജോൺ കോശിയെ നേരിട്ട് കണ്ട് ബിൽ പാസാക്കണമെന്ന് അപേക്ഷിച്ചു. ജോൺ കോശി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് മനോഹരന്റെ പരാതി. അത് കൊടുക്കാൻ തയ്യാറാകാതെ വന്നപ്പോൾ ബിൽ 16 മാസത്തോളം എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിൽ പിടിച്ചുവെച്ചു. കേസ് കൊടുത്തതിനെ തുടർന്ന് 15 ദിവസത്തിനകം ബിൽ തുക മാറിക്കൊടുക്കുവാൻ ഹൈക്കോടതി ഉത്തരവായി. എന്നിട്ടും ബിൽ മാറി പണം നൽകിയില്ല. വീണ്ടും ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് ബിൽ മാറി കൊടുക്കുന്നതിനുള്ള നടപടി ജോൺ കോശി സ്വീകരിച്ചത്. ആദ്യം 40 ലക്ഷം രൂപയുടെ ചെക്ക് മാറിക്കൊടുത്തു. എന്നാൽ, മുഴുവൻ തുകയും മാറി കിട്ടാത്തതിനാൽ മനോഹരൻ എക്സിക്യുട്ടീവ് എൻജിനിയറെ സമീപിച്ചപ്പോൾ 45,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. മുഴുവൻ തുകയും മാറിയശേഷം പണംനൽകാമെന്ന് മനോഹരൻ ഉറപ്പുനൽകിയതിനെ തുടർന്ന് മുഴുവൻ തുകയും മാറി

ക്കൊടുക്കുകയും ചെയ്തു.

എൻജിനിയറുടെ കാര്യാലയത്തിലെത്തിയപ്പോൾ ഉറപ്പുനൽകിയ തുക ഇതുവരെ കിട്ടിയില്ലെന്നും എത്രയും വേഗം തരണമെന്നും ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് മനോഹരൻ വിജിലൻസിനോട് പറഞ്ഞത്. കോടതിയിൽ 20,000 രൂപയോളം ചെലവായെന്നും ആയതിനാൽ തുക കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി ചെലവ് ഒഴിച്ചുള്ള 25,000 രൂപയെങ്കിലും നിർബന്ധമായും വേണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ ആവശ്യപ്പെട്ടതായാണ് വിജിലൻസ് സംഘം പറയുന്നത്. ഇക്കാര്യം മനോഹരൻ വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ടായ കെ.ഇ. ബൈജുവിനെ അറിയിച്ചു. വിജിലൻസിന്റെ നിർദേശപ്രകാരം പണം കൈമാറുമ്പോഴാണ് അശോക്‌കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വെള്ളയമ്പലത്തുള്ള പി.എച്ച്. ഡിവിഷൻ ഓഫീസിൽവെച്ച് ജോൺ കോശിയെ അറസ്റ്റ്ചെയ്തത്.