കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് കോളേജുകളിൽ ശാരീരിക വൈകല്യമുള്ളവർക്ക് സംവരണം നൽകാതെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതു തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. നിയമന നടപടി സ്റ്റേ ചെയ്തതിനെതിരേ ദേവസ്വം ബോർഡ് നൽകിയ അപ്പീൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി. സംവരണ തത്ത്വങ്ങൾ പാലിച്ച് നികത്തേണ്ട മുൻകാല ഒഴിവുകളുടെ വിവരങ്ങൾ ബോർഡ് സിംഗിൾ ബെഞ്ചിന് നൽകാനും ഇതനുസരിച്ച് സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ചു തീർപ്പാക്കാനുമാണ് ഡിവിഷൻ ബെഞ്ച് നിർദേശം.

ഉദ്യോഗാർഥിയായ കൊട്ടാരക്കര സ്വദേശി ആർ. കിഷോർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് നിയമനങ്ങൾ സ്റ്റേചെയ്തത്. 70 ശതമാനത്തോളം കാഴ്ചവൈകല്യമുള്ള ഹർജിക്കാരൻ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമപ്രകാരമുള്ള സംവരണം നിഷേധിച്ചതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇൗ ഹർജിയിൽ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമവും സ്വകാര്യ എയ്ഡഡ് കോളേജുകളിൽ ഇവർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവും പാലിച്ച് നിയമനം നടത്താൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതു പാലിക്കുന്നില്ലെന്ന് കണ്ട സിംഗിൾ ബെഞ്ച് നിയമനനടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു. ബോർഡ് നടത്തിയ നിയമനങ്ങൾ ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇൗ ഉത്തരവിനെതിരേയാണ് ദേവസ്വം ബോർഡ് അപ്പീൽ നൽകിയത്.