തളിപ്പറമ്പ്: സർ സയ്യിദ് കോളേജ് വിദ്യാർഥി കണ്ണൂർ അണ്ടത്തോടിലെ പി.കെ.ഷഹനാദിനെ റാഗിങ്ങിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ച കേസിലെ മറ്റു പ്രതികൾ ഒളിവിൽ. ഇവരെ പിടികൂടാൻ പോലീസ് തിരച്ചിൽ തുടങ്ങി. റാഗിങ്ങിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കില്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. കേസിലെ പ്രതികളിൽ മുഹമ്മദ് നിദാനെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. മറ്റ് പ്രതികളെക്കൂടി തിരിച്ചറിയുന്നതോടെ ഇവർക്കെതിരെയും ശക്തമായ നടപടികളുണ്ടാകുമെന്ന് പ്രിൻസിപ്പൽ ഇസ്മയിൽ ഓലിയക്കര പറഞ്ഞു.

പന്ത്രണ്ടോളം പ്രതികളാണ് കേസിലുള്ളത്. ഇതിൽ പയ്യാവൂരിലെ മുഹമ്മദ് നിദാൻ, തളിപ്പറമ്പ് ഫാറൂഖ് നഗർ സെറീനാസിലെ മുഹമ്മദ് ആഷിഖ്, കണ്ണൂർ കസാനക്കോട്ടയിലെ മുഹമ്മദ് ഷീസാൻ, പെരിങ്ങത്തൂരിലെ റിസാനാൻ റഫീഖ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. സീനിയർ വിദ്യാർഥികളായ എട്ടുപേരെക്കൂടി തിരിച്ചറിയാനുണ്ട്. നവംബർ ഒന്നിനാണ് ഷഹനാദിനെ കോളേജിൽവെച്ചും പുറത്ത് വിജനമായ പറമ്പിൽ കൊണ്ടുപോയും മർദിച്ചത്. കോളേജ് വരാന്തയിൽവെച്ച് പാട്ടുപാടാനുള്ള ആവശ്യം അനുസരിക്കാത്തതിനായിരുന്നു മർദനം. പാട്ടുപാടാൻ ആദ്യം ആവശ്യപ്പെട്ടത് ചില പെൺകുട്ടികളാണെന്നും പിന്നീട് ഇവർ ഏറ്റെടുക്കുകയായിരുന്നുവെന്നും പറയുന്നു. ഷഹനാദ് ഇപ്പോഴും ചികിത്സയിലാണ്.

പ്രിൻസിപ്പലിന്റെ പരാതിയിലാണ് കേസെടുത്തത്. അറസ്റ്റിലായവർക്ക് പയ്യന്നൂർ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. തളിപ്പറമ്പ് മജിസ്ട്രേട്ട് അവധിയായതിനാൽ പ്രതികളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു. സംഘം ചേർന്ന് ആക്രമിച്ചതിനും മറ്റും ചുമത്തുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾക്കൊപ്പം റാഗിങ്‌ വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്‌.