കൊച്ചി: കേരളത്തിന് ആവശ്യമായ വാക്‌സിൻ എന്ന് ലഭ്യമാക്കുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വാക്‌സിൻ നൽകുന്നതിലെ സമയക്രമമടക്കം അടുത്ത വെള്ളിയാഴ്ച അറിയിക്കണമെന്നാണ് ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് എം.ആർ. അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

എങ്ങനെയാണ് വാക്‌സിൻ നൽകുന്നത് എപ്പോഴത്തേക്ക് നൽകാൻ കഴിയും എന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചാൽ വാക്‌സിൻ വിതരണത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കോവിഡ് വാക്‌സിൻ കൈമാറുന്നത് വൈകിപ്പിച്ചാൽ വൈറസിന് പുതിയ വകഭേദം ഉണ്ടാകുകയും മനുഷ്യർ മരിക്കുകയും ചെയ്യും.

എല്ലാ പ്രായത്തിലുള്ളവർക്കും സൗജന്യ വാക്‌സിൻ നൽകണമെന്നതടക്കമുള്ള ആവശ്യവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് പാതോളജി വിഭാഗം റിട്ട. മേധാവിയും സംസ്ഥാന സർക്കാർ കോവിഡ് 19 വിദഗ്ധ സമിതി അംഗവുമായ ഡോ. കെ.പി. അരവിന്ദനും പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. പ്രവീൺ ജി. പൈയും ഫയൽചെയ്ത ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് വിശദീകരണത്തിന് വെള്ളിയാഴ്ചവരെ സമയം അനുവദിച്ചത്.

വാക്‌സിൻ നിർമിക്കാൻ ശേഷിയും താത്‌പര്യവുമുള്ള കമ്പനികൾക്ക് കോവാക്‌സിന്റെ സാങ്കേതികവിദ്യ കൈമാറണമെന്ന് നിർദേശിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ഈ ആവശ്യം സംസ്ഥാന സർക്കാർപോലും ഉന്നയിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി നിയമിച്ച വിദഗ്ധസമിതിയുടെ മേൽനോട്ടത്തിലാണ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് നൽകുന്നതെന്നും ഇക്കാര്യത്തിൽ പക്ഷപാതമില്ലെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേരളത്തിന് ആവശ്യമായ വാക്‌സിൻ നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നാണ് സംസ്ഥാനസർക്കാരിനായി ഹാജരായ സ്‌റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ ആവശ്യപ്പെട്ടത്. വാക്‌സിൻ ഇവിടെ നിർമിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമല്ല. കഴിയാവുന്നിടത്തോളം വാക്‌സിൻ ലഭ്യമാക്കുകയാണ് വേണ്ടതെന്നും സർക്കാർ ആവശ്യപ്പെട്ടു. കോവാക്‌സിന്റെ സാങ്കേതികവിദ്യ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് നീതി ആയോഗിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ഇത് സർക്കാരിന്റെ നയതീരുമാനത്തിന്റെ ഭാഗമാണെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്.