തിരുവനന്തപുരം: എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരേ വ്യാജ ലൈംഗികപീഡനപരാതി നൽകിയ കേസിൽ, തുടരന്വേഷണത്തിനായി സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽവാങ്ങി. കൊഫെപൊസ തടവുകാരിയായി അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്ന സ്വപ്നയെ ഒമ്പതുദിവസത്തേക്കാണ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. തമിഴ്‌നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വപ്നയെ തെളിവെടുപ്പിനായി കൊണ്ടുപോകേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

കഴിഞ്ഞ 12-ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അട്ടക്കുളങ്ങര വനിതാജയിലിലെത്തി സ്വപ്നയെ ചോദ്യംചെയ്തിരുന്നു. ഇതിനുശേഷമാണ് വെള്ളിയാഴ്ച പത്തുദിവസത്തേക്ക് കസ്റ്റഡി അപേക്ഷ നൽകിയത്. കേസിൽ സ്വപ്ന രണ്ടാംപ്രതിയാണ്. സ്വർണക്കടത്ത് കേസിനുമുമ്പേ സ്വപ്നയെ ഈ കേസിൽ പ്രതിചേർത്തിരുന്നെങ്കിലും ക്രൈംബ്രാഞ്ച് നടപടിയെടുത്തിരുന്നില്ല.

യു.എ.ഇ. കോൺസുലേറ്റിലേക്ക് എത്തുംമുമ്പ്, സ്വപ്ന എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗമായ സാറ്റ്‌സിൽ ജോലിചെയ്തിരുന്നു. സാറ്റ്‌സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും സ്വപ്നയും ചേർന്ന് ജീവനക്കാരുടെ സെക്രട്ടറികൂടിയായ ഉദ്യോഗസ്ഥൻ എൽ.എസ്. സിബുവിനെതിരേ 2015 ജനുവരിയിൽ വ്യാജ പീഡനപരാതി നൽകിയെന്നാണു കേസ്.

സ്വപ്നയും ബിനോയ് ജേക്കബും നടത്തിയ വെട്ടിപ്പുകളെക്കുറിച്ച് സിബു സി.ബി.ഐ.ക്ക് പരാതി നൽകിയിരുന്നു. ഇതിന് പകപോക്കാനാണ് 17 വനിതാ ജീവനക്കാരുടെ പേരിൽ സ്വപ്ന വ്യാജപരാതി നൽകിയത്.

ബിനോയ്‌ ജേക്കബും സ്വപ്നയും നിർബന്ധിച്ചിട്ടാണ് പരാതി നൽകിയതെന്ന് ഒന്നാം പരാതിക്കാരിയായ പ്രീത ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇന്റർനാഷണൽ എയർപോർട്ട് ഇന്റേണൽ കമ്മിറ്റി നടത്തിയ തെളിവെടുപ്പിൽ മറ്റൊരു പരാതിക്കാരിയായ പാർവതി സാബുവിനുപകരം നീതുമോഹനാണ് ഹാജരായത്. ആൾമാറാട്ടം നടന്നത് സ്വപ്നയുടെ പ്രേരണയിലായിരുന്നു.

സാക്ഷികൾ താമസിക്കുന്ന കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തമിഴ്‌നാട് എന്നിവിടങ്ങളിൽ തെളിവെടുക്കേണ്ടതുണ്ടെന്നും പരാതി തയ്യാറാക്കിയ കംപ്യൂട്ടർ കണ്ടെത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.

കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ബി. അനിൽകുമാറാണ് കേസന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ അശ്വനി ശങ്കർ ഹാജരായി.