കണ്ണൂർ: കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റായി കൊണ്ടുവന്നതുകൊണ്ടൊന്നും കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. നയവും നിലപാടുമാണ് ആ പാർട്ടിയെ തകർത്തത്. അല്ലാതെ ആര് നേതൃത്വത്തിലേക്ക് വരുന്നു എന്നതല്ല. മൃദുഹിന്ദുത്വ നിലപാടും ഉദാരീകരണനയങ്ങളുമാണ് കോൺഗ്രസിനെ ഇല്ലാതാക്കിയത്. കുത്തകകൾക്ക് അനുകൂലമായ നിലപാട്, പൊതുമേഖലയെ തകർക്കണമെന്ന നയം, എണ്ണയുടെ വില നിശ്ചയിക്കൽ കമ്പനികളെ ഏൽപ്പിച്ചത്... അങ്ങനെ പലതും. ആരെങ്കിലും പ്രസിഡന്റായാൽ മാറ്റംവരുമെന്ന് വിശ്വസിക്കുന്നവർക്ക് അങ്ങനെയാകാം -അദ്ദേഹം പറഞ്ഞു.

*ബംഗാളിലും ത്രിപുരയിലും സി.പി.എം. തകർന്നുപോയതോ, ബംഗാളിൽ 85 ശതമാനം സീറ്റിലും കെട്ടിവെച്ച പണം പോയി?

രണ്ടിടത്തും സി.പി.എം. തിരിച്ചുവരും. ഇന്ത്യയിൽ ഇടതുപക്ഷത്തിന് ഒരു സ്‌പേസ് ഉണ്ട്. കേരളം ഒരു ബദലായി നിലനിൽക്കുന്നു. ഒന്നുമല്ലെങ്കിലും കേരളത്തിൽ ആയിക്കിട്ടിയാൽ മതിയെന്ന് ആഗ്രഹിക്കുന്നവരുണ്ട് രാജ്യത്ത്.

*കെ. സുധാകരനെ തിരുവനന്തപുരത്ത് കണ്ടതിനെക്കുറിച്ച്?

അത് പ്രതിപക്ഷനേതാവിന്റെ ഓഫീസിൽവെച്ചായിരുന്നു. ഞങ്ങൾ അതുവഴി നടന്നുവരികയായിരുന്നു. അപ്പോൾ കണ്ടു, ലോഹ്യം പറഞ്ഞു. അത് സാമാന്യമര്യാദയാണ്. രാഷ്ട്രീയ എതിരാളികൾ ശത്രുക്കളല്ല.

*താങ്കൾ മാത്രമേ ചെന്നുള്ളു. പിണറായി തീരെ ഗൗനിച്ചില്ലല്ലോ?

ഓരോരുത്തരും ഓരോ രീതിയല്ലേ.

*കേരളത്തിലെ ജനങ്ങൾ പ്രത്യശാസ്ത്രപരമായല്ല, ജീവിതസാഹചര്യങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നതെന്ന് സുധാകരൻ പറയുന്നു?

ജീവിതസാഹചര്യങ്ങളോട് ബന്ധപ്പെട്ടതാണ് പ്രത്യയശാസ്ത്രം.

*കശുമാങ്ങയിൽനിന്ന് ഫെനി ഉത്‌പാദിപ്പിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമല്ലേ?

പഠിക്കേണ്ട കാര്യമാണ്. കശുവണ്ടിയോളംതന്നെ വിലകിട്ടേണ്ട കശുമാങ്ങ പാഴായി പോകുകയാണ്. നല്ല വീര്യമുള്ള മദ്യംതന്നെ അതിൽനിന്ന് ഉത്‌പാദിപ്പിക്കാം. പക്ഷേ, അതിന് കുറെ നൂലാമാലകളുണ്ട്.

*നീര ഉത്‌പാദനത്തെക്കുറിച്ച്?

നീരയ്ക്ക് വിപണിയില്ലാത്ത പ്രശ്‌നമുണ്ട്. ഉണ്ടാക്കിയാൽ മാത്രം പോരല്ലോ.

* ഉമ്മൻ ചാണ്ടി സർക്കാരിന്റെ നയം മദ്യം നിരോധിക്കുക എന്നതായിരുന്നു. ഈ സർക്കാരിന്റെതോ?

മദ്യനിരോധനം ലോകത്ത് ആരും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാരിന് കാഴ്ചപ്പാടുണ്ടായിരുന്നില്ല. അവർ നിരന്തരം പറഞ്ഞിരുന്നത് മദ്യം ഇല്ലാത്ത കേരളത്തെപ്പറ്റിയാണ്. എന്നാൽ പരമാവധി മദ്യം കൊടുക്കാനാണ് ശ്രമിച്ചത്. ഞങ്ങൾ മദ്യവർജനമാണ് പറയുന്നത്. ലഭ്യത പരമാവധി കുറയ്ക്കുക.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ജോ. സെക്രട്ടറി ടി.കെ.എ. ഖാദർ എന്നിവർ സംസാരിച്ചു.