കൊച്ചി: തന്റെ രണ്ടു പെൺമക്കളെയും അമ്മയെയും കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ മാനസികരോഗിയായ കൊല്ലം സ്വദേശിനിക്ക്‌ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. ശിക്ഷ റദ്ദാക്കിയെങ്കിലും 46- കാരിയായ പ്രതിയെ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്രതിക്ക് മാനസിക രോഗമുണ്ടെന്ന് മൊഴിയുണ്ടായിട്ടും ഇതിൽ കൂടുതൽ അന്വേഷണം നടത്തി വസ്തുതകൾ ഹാജരാക്കാതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചു. 2008 ഫെബ്രുവരി അഞ്ചിനാണ് കൊല്ലം സ്വദേശിനി പ്രായമായ അമ്മയെയും തന്റെ എട്ടും ആറും വയസ്സുള്ള പെൺമക്കളെയും കഴുത്തറത്തു കൊന്നത്. പ്രതി കഴുത്തറത്ത് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. വിചാരണ വേളയിൽ പ്രതി കുറ്റം നിഷേധിച്ചു. ആരോ തന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപാതകങ്ങൾ നടത്തിയതാണെന്നാണ് ഇവർ പറഞ്ഞത്. ഈ വാദം തള്ളിയ കൊല്ലം സെഷൻസ് കോടതി 2013 നവംബർ 28-ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതിനെതിരേ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. അറസ്റ്റിലായ ശേഷം യുവതിയെ പരിശോധിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഇവർക്ക് മാനസികാരോഗ്യത്തിന് ചികിത്സ വേണമെന്ന് നിർദേശിച്ചിരുന്നു. പുനലൂരിലെ ഒരു ആശുപത്രിയിൽ ഇവർ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് സഹോദരന്റെ മൊഴിയും ഉണ്ടായിരുന്നു. വിചാരണ തുടങ്ങുന്നതിനു മുമ്പും ഇവർ ചികിത്സ തേടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് ഇക്കാര്യങ്ങൾ അന്വേഷിച്ച് വിചാരണക്കോടതിയെ ധരിപ്പിക്കാമായിരുന്നുവെന്ന് കോടതി വിലയിരുത്തി.