കൊച്ചി: പനമ്പിള്ളി നഗർ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ അഞ്ചാം പ്രതി നിസാം സലീം, പാർലർ ഉടമ ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് സന്ദേശം അയച്ചു. വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി കൊച്ചിയിലെ മാധ്യമ പ്രവർത്തകനാണ് ഭീഷണി സന്ദേശം അയച്ചു നൽകിയത്. ലീന തിരികെ തരാനുള്ള പണമാണ് ചോദിച്ചതെന്നും ലീന എവിടെ പോയി ഒളിച്ചാലും ട്രാക്ക് ചെയ്യുമെന്നുമാണ് ഇതിൽ പറയുന്നത്. വാട്‌സാപ്പ് വഴിയാണ് സന്ദേശം നൽകിയത്. രണ്ട് ശബ്ദ സന്ദേശങ്ങളാണുള്ളത്.

ലീന തരാനുള്ളത് 25 കോടി രൂപയാണ്. ലീന മരിയ പോളും ഭർത്താവ് സുകേഷും ചേർന്ന് നിലവിൽ 1500 കോടി രൂപ പറ്റിച്ചിട്ടുണ്ട്. സുകേഷ് തീഹാർ ജയിലിലാണ്. ലീനയെ സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്. അവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനു പകരം വീഡിയോ കോളിൽ മൊഴിയെടുത്തത് ശരിയായില്ല. രവി പൂജാരി ഫോൺ വിളിച്ചതേ ഉള്ളൂവെന്നും പണി എടുക്കുന്നതും എടുപ്പിക്കുന്നതും തങ്ങൾ ആണെന്നും സന്ദേശത്തിലുണ്ട്. ലീന മരിയ പോളിനെ ഇനി വെറുതെ വിടില്ലെന്നും രവി പൂജാരിയുടെ ആവശ്യം ഇനിയില്ലെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

ശബ്ദ സന്ദേശങ്ങൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. നിസാം സലീം പബ്ലിസിറ്റിക്ക്‌ വേണ്ടിയാണ് ശബ്ദ സന്ദേശം അയച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ലീന മരിയ പോൾ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതിയല്ല, പരാതിക്കാരിയാണ്. ഇതിനാൽ ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യേണ്ടതില്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.