മലപ്പുറം: ന്യൂനപക്ഷ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് വിഷയം നീട്ടിക്കൊണ്ടുപോയി കാര്യങ്ങൾ കൂടുതൽ വഷളാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാണക്കാട്ടെത്തിയ അദ്ദേഹം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

സ്‌കോളർഷിപ്പ് ഈവർഷവും മുടങ്ങാൻ പാടില്ല. സർക്കാർ തീരുമാനം വേഗത്തിലാക്കണം. മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ യു.ഡി.എഫ്. കൃത്യമായി നിലപാട് വ്യക്താക്കിയിട്ടുണ്ട്. സ്‌കോളർഷിപ്പ് മാറ്റമില്ലാതെ തുടരണം. മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാ ആനുപാതികമായി പുതിയ സ്‌കോളർഷിപ്പ് കൊടുക്കണം. എന്നാൽ സർക്കാരിനു യോഗത്തിൽ ഒരു നിലപാടും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വയനാട്ടിലെ മരം മുറിയിൽ സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. മൂന്നുമാസത്തെ ഉത്തരവിന്റെ മറവിൽ നടന്നതു കേട്ടുകേൾവിയില്ലാത്ത വനംകൊള്ളയാണ്. തനിക്കു പങ്കില്ലെന്നാണു വനംമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ അതു മുൻമന്ത്രിയിലേക്കാണു വിരൽചൂണ്ടുന്നത്. തങ്ങളെല്ലെന്നു റവന്യൂവകുപ്പു പറയുമ്പോൾ ഉത്തരവാദി വനംവകുപ്പു തന്നെയെന്നാണ്. റവന്യൂവകുപ്പിനും കൈകഴുകി മാറി നിൽക്കാനാവില്ല. സി.പി.ഐ. ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയാണ്. ഈട്ടിക്കൊള്ളയിൽ സി.പി.എമ്മും സി.പി.ഐ.യും മൗനം വെടിയണം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ലോക്ഡൗൺ ഇളവ് ആവശ്യപ്പെട്ട് സർക്കാരിനു കത്തുനൽകും. ലോക്ഡൗൺ ഇങ്ങനെ തുടരണോയെന്നു ആലോചിക്കണം. 38 ദിവസമായി സംസ്ഥാനം നിശ്ചലമാണ്. കഴിഞ്ഞ ലോക്ഡൗൺ തിരഞ്ഞെടുപ്പിനു മുമ്പായിരുന്നതിനാൽ ഒരുപാടാനുകൂല്യങ്ങൾ ജനങ്ങൾക്കുനൽകി. മൊറട്ടോറിയം പ്രഖ്യാപിച്ചു. നികുതിയിളവു നൽകി. എന്നാൽ ഇപ്പോൾ ഒന്നുമില്ല. ജനങ്ങൾ വലിയ പ്രയാസത്തിലാണ്. ഒരുപാടുപേർക്ക് തൊഴിൽ നടഷ്ടപ്പെട്ടു. എല്ലായിടത്തുനിന്നും പരാതികൾ വരുന്നു. കോവിഡ് പ്രതിരോധത്തിനു യു.ഡി.എഫിന്റെ നിരുപാധിക പിൻതുണയുണ്ടാവുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച രാവിലെയാണ് വി.ഡി. സതീശൻ സൗഹൃദ സന്ദർശനത്തിനായി പണക്കാട്ടെത്തിയത്. പ്രതിപക്ഷ നേതാവെന്നനിലയിൽ സതീശൻ വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്നു തങ്ങൾ പറഞ്ഞു. പ്രതിപക്ഷ ധർമ്മം നിറവേറ്റുന്നതിൽ സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. ജനപ്രതിനിധികൾ നടത്തുന്ന പോരാട്ടം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സന്നിഹിതനായിരുന്നു.