മൂന്നാർ: ഇടുക്കി ജില്ല വനം കൊള്ളയുടെ പരീക്ഷണശാലയെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ.രാധാകൃഷ്ണൻ. ചിന്നക്കനാൽ മുത്തമ്മ കോളനിയിൽ അനധികൃതമായി മരം മുറി നടന്ന പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെമ്പാടുമായി ആയിരം കോടിയുടെ വനംകൊള്ളയാണ് നടന്നത്. മരംമുറി കേസിൽ എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാപകമായ വനം കൊള്ളയാണ് മരം മുറി സംഭവത്തിൽ കൂടി കേരളത്തിലെ പല ജില്ലകളിലും നടന്നിട്ടുള്ളത്. ഇത് ചില ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ചുകൊണ്ട് ഈ സംഭവത്തെ ലഘൂകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

സംസ്ഥാനത്താകെ നടന്ന വനംകൊള്ളയെക്കുറിച്ച് ബി.ജെ.പി. സമാന്തര സംവിധാനത്തിലൂടെ അന്വേഷണം നടത്തി റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിനു കൈമാറും. 16-ന് സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.ജില്ലാ പ്രസിഡൻറ് കെ.എസ്.അജി, ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ സെക്രട്ടറി സാബു വർഗീസ്, ബിനു ജെ.കൈമൾ, വി.എൻ.സുരേഷ്, എൻ.ഹരി, മനോജ് അടിമാലി, വിഷ്ണു പുതിയടത്ത് എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

റോഡ് നിർമാണത്തിന്റെ മറവിൽ മരം മുറി നടന്ന ഉടുമ്പൻചോല ചെമ്മണ്ണാറിലും അദ്ദേഹം സന്ദർശനം നടത്തി. കഴിഞ്ഞ മാർച്ച് 14-നാണ് ചിന്നക്കനാൽ മുത്തമ്മ കോളനിയിലെ റവന്യൂ ഭൂമി, പുറമ്പോക്ക്, ഏലക്കടത്തുക പാട്ട ഭൂമി എന്നിവടങ്ങളിൽനിന്ന് 120 ഓളം മരങ്ങൾ ഭൂവുടമ മുറിച്ചുകടത്തിയത്.