കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾ ചെക്‌പോസ്റ്റുകൾ കടന്നത് ആർമി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച്. ആർമി ഉദ്യോഗസ്ഥരെന്ന പരിഗണനയിൽ പരിശോധന നടത്താതെ വാഹനം പല ചെക്‌പോസ്റ്റിലെയും ഉദ്യോഗസ്ഥർ കടത്തിവിട്ടു. മയക്കുമരുന്ന് കടത്തിനുപയോഗിച്ച വാഹനത്തിലും ആർമി എന്നെഴുതിയിരിക്കുന്ന സ്റ്റിക്കറോ മറ്റോ ഒട്ടിച്ചിരുന്നോ എന്ന് അന്വേഷണം നടക്കുന്നുണ്ട്.

കേസിലെ പ്രതിയായ ശ്രീമോൻ പ്രതികൾക്കിടയിൽ ’ആർമി’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്തുകൊണ്ടാണ് ശ്രീമോനെ ആർമി എന്ന് വിളിക്കുന്നതെന്നുള്ള അന്വേഷണത്തിലാണ് പുതിയ വിവരങ്ങൾ കണ്ടെത്തിയത്. ശ്രീമോൻ പട്ടാള വേഷം ധരിച്ചെടുത്ത ചിത്രങ്ങളും ഇയാളുടെ ഫോണിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ ചിത്രങ്ങളും മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ശ്രീമോന് പട്ടാളവേഷം എങ്ങനെ ലഭിച്ചു, ഇയാൾക്ക് വേറെ എവിടെ നിന്നെങ്കിലും സഹായമുണ്ടോ എന്നീ കാര്യങ്ങളിലെല്ലാം അന്വേഷണമുണ്ടാകും.

കുടുംബസമേതമെന്ന രീതിയിൽ ആഡംബര കാറിൽ വിലയേറിയ നായ്ക്കളെയുമായി മയക്കുമരുന്ന് കടത്തിയെന്നായിരുന്നു ഇതുവരെയുള്ള വിവരം. ഇതിനിടെയാണ് പുതിയ വിവരങ്ങൾ മറ്റു പ്രതികൾ വെളിപ്പെടുത്തിയിരിക്കുന്നത്.

മയക്കുമരുന്ന് കടത്താനുപയോഗിച്ച വാഹനം നേരത്തെ എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഈ വാഹനത്തിൽ സ്റ്റിക്കറുകൾ ഒന്നും തന്നെ പതിച്ചിരുന്നില്ല. കടത്തിന് പോകുമ്പോൾ ഇത്തരം സ്റ്റിക്കർ ഒട്ടിക്കുകയും ഇതിനുശേഷം ഇത് ഇളക്കിക്കളഞ്ഞതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

ശ്രീമോന് മറ്റു മയക്കുമരുന്ന് കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്നും എക്സൈസ് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. പട്ടാളക്കാരൻ എന്ന പേരിൽ മയക്കുമരുന്ന് കടത്തുന്നതിൽ വിദഗ്ദ്ധനായതിനാലാകാം ശ്രീമോനെ കാക്കനാട് മയക്കുമരുന്ന് കേസിലെ സൂത്രധാരൻ മുഹമ്മദ് ഫവാസ് വിളിച്ചുവരുത്തിയതെന്നാണ് കരുതുന്നത്. യാത്രയിൽ എല്ലാംതന്നെ പട്ടാളക്കാരൻ എന്ന പ്രത്യേക സൗകര്യം ഇയാൾ ഉപയോഗപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.