കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്തുക്കളുടെ മറവിൽ നടത്തിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എല്ലാ രേഖകളും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) കൈമാറാനാകില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മാത്രം അന്വേഷണം നടത്തുന്ന ഏജൻസിക്ക്‌ എല്ലാ രേഖകളും നൽകുന്നത് ശരിയായിരിക്കില്ല. അത്തരം രേഖകൾ ഇ.ഡി. ഉദ്യോഗസ്ഥർക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി പരിശോധിക്കാം. ഇ.ഡി.ക്ക്‌ ക്രൈംബ്രാഞ്ചിന്റെ സഹായമില്ലാതെയും അന്വേഷണം നടത്താനാവുമെന്നും ക്രൈംബ്രാഞ്ച് എസ്.പി. എം.ജെ. സോജൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ വഴി ഫയൽ ചെയ്ത റിപ്പോർട്ടിൽ പറയുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട ചില രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിലെ വിശദീകരണം.

ഇ.ഡി.യുടെ ആരോപണം തെറ്റാണ്. ഇതിനോടകം മൂന്ന് എഫ്.ഐ.ആറുകൾ കൈമാറിയിട്ടുണ്ട്. മറ്റ് സ്റ്റേഷനിലുള്ള എഫ്.ഐ.ആറുകൾ കൈമാറാനും നിർദേശിച്ചിട്ടുണ്ട്. മോൻസന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, മൊബൈൽ അടക്കമുള്ളവയെക്കുറി ച്ചുള്ള വിവരങ്ങളും കൈമാറിയിട്ടുണ്ട്.

എന്നാൽ, ചില രേഖകളും സാക്ഷിമൊഴികളും അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൈമാറാനാകില്ല. ഇക്കാര്യം ഇ.ഡി.യെ അറിയിച്ചിരുന്നു.

അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ കേസ് ഡയറി ആവശ്യപ്പെടാനാകില്ല. അന്വേഷണത്തിലൂടെ കണ്ടെത്തിയ തെളിവുകൾ ഉദ്യോഗസ്ഥരെ നിയോഗിച്ചാലേ കൈമാറാൻ കഴിയൂ.

12 സാക്ഷികളുടെ മൊഴികളടക്കമുള്ളവ ഇ.ഡി.ക്ക്‌ കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മോൻസനെതിരെ നാല് പീഡനക്കേസുകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത് ഉൾെപ്പടെ 15 കേസുകളാണ് മോൻസനെതിരേ നിലവിലുള്ളത്. ഇതിൽ നാല് കേസുകൾ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടാണ്. ഇതിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മറ്റ് കേസുകളിൽ എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി.യുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. മൊബൈൽ ഫോൺ അടക്കമുള്ളവയുടെ സൈബർ ഫോറൻസിക് റിപ്പോർട്ടിനായി കാക്കുകയാണ്. ഇത് കിട്ടുന്ന മുറയ്ക്ക് കോടതിയിൽ അന്തിമ റിപ്പോർട്ടും നൽകും.

വിദേശ ബന്ധമില്ല

മോൻസന്റെ ഇടപാടുകൾക്ക് ഇതുവരെ വിദേശ ബന്ധം കണ്ടെത്താനായിട്ടില്ല. ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിലിന് മോൻസനെ അറിയാമായിരുന്നു. എന്നാൽ, ഇപ്പോൾ ഇരുവരും ശത്രുതയിലാണ്. മോൻസൺ ഇതുവരെ വിദേശ രാജ്യങ്ങളൊന്നും സന്ദർശിച്ചിട്ടില്ല. അയാൾക്ക് പാസ്പോർട്ടുമില്ല.

ആർക്കിയോളജിക്കൽ സർവേ പരിശോധിക്കുന്നു

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പ്രാഥമിക പരിശോധനയിൽ മോൻസന്റെ പക്കലുള്ള നാല് സാധനങ്ങൾ മാത്രമാണ് പുരാവസ്തുവായി സംശയിക്കപ്പെടുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ബെംഗളൂരു റീജണൽ ഡയറക്ടറുടെ കീഴിലുള്ള അപ്പീൽ കമ്മിറ്റി 20 പുരാവസ്തുക്കൾ പരിശോധിച്ചിരുന്നു. ഇതിന്റെ ഫലം പ്രതീക്ഷിക്കുകയാണ്. ഡി.ആർ.ഡി.ഒ.യുടെ രേഖകളെന്നൊക്കെ പറഞ്ഞ് മോൻസൺ കാണിച്ചത് വ്യാജ രേഖകളായിരുന്നു.

പോലീസ് കരങ്ങൾ ശുദ്ധം

മോൻസനെതിരേ രജിസ്റ്റർ ചെയ്ത കേസുകളിൽ ഏതെങ്കിലും പോലീസ് ഓഫീസർക്ക് പങ്കുള്ളതായി കണ്ടെത്താനായിട്ടില്ല. എന്നാൽ, ഔദ്യോഗിക കൃത്യവിലോപത്തിന്റെ പേരിൽ ഒരു ഐ.ജി.യെയും സർക്കിൾ ഇൻസ്പെക്ടറെയും സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്.

കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

മോൻസൺ മാവുങ്കൽ വ്യാജ പുരാവസ്തുക്കളടെ മറവിൽ നടത്തിയ തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ ഇ.ഡി. സമയം തേടിയതിനെ തുടർന്ന് ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. മോൻസനുവേണ്ടി പോലീസ് ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നുവെന്നാരോപിച്ച് മുൻ ഡ്രൈവർ അജിത് നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിക്കുന്നത്. ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ട് ഇ.ഡി.ക്ക്‌ നൽകാൻ കോടതി നിർദേശിച്ചു.