കൊണ്ടോട്ടി: കോഴിക്കോട്‌ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി തടയാനും അതുവഴി വിമാനത്താവളത്തെ ചെറുതാക്കി ഇല്ലാതാക്കാനുമുള്ള ഗുഢാലോചനയുടെ ഭാഗമാണ് റൺവേ വെട്ടിക്കുറയ്ക്കാനുള്ള നീക്കമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആരോപിച്ചു. മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെയും കരിപ്പൂർ സംയുക്ത സമരസമിതിയുടെയും നേതൃത്വത്തിൽ വിമാനത്താവളത്തിലേക്കു നടത്തിയ ബഹുജനമാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കരിപ്പൂരിനെ തകർക്കാൻ ഉദ്യോഗസ്ഥരും കേന്ദ്രസർക്കാരും വലിയ നീക്കം നടത്തുന്നത് ഡൽഹിയിൽ അനുഭവപ്പെടുന്നുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. മലബാറിന്റെ വികസനകവാടമായ കരിപ്പൂരിനെ തകർക്കാൻ ശ്രമിക്കുന്നത് നാടിനോടു കാണിക്കുന്ന അനീതിയാണെന്ന് എം.പി. അബ്ദുസമദ് സമദാനി എം.പി. പറഞ്ഞു. കരിപ്പൂരിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ തുറന്നുകാണിക്കുമെന്നും ജനപ്രതിനിധികളെയും ബഹുജനങ്ങളെയും സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എം.കെ. രാഘവൻ എം.പി. പറഞ്ഞു.

ടി.വി. ഇബ്രാഹിം എം.എൽ.എ. അധ്യക്ഷതവഹിച്ചു. സംയുക്ത സമരസമിതിയുടെ തുടർസമരങ്ങളുടെ ഫ്ലാഗ് ഓഫ് സമരസമിതി ചെയർമാൻ ടി.വി. ഇബ്രാഹിം എം.എൽ.എ.യ്ക്കും മറ്റു സമരസമിതി നേതാക്കൾക്കുമായി പതാക നൽകി എയർപോർട്ട് വികസനസമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. നിർവഹിച്ചു. എം.ഡി.എഫ്. ചെയർമാൻ യു.എ. ലത്തീഫ് സമരപ്രതിജ്ഞ ചെല്ലിക്കൊടുത്തു എം.എൽ.എ.മാരായ പി.ടി.എ. റഹീം, നജീബ് കാന്തപുരം, എ.പി. അനിൽകുമാർ, പി. ഹമീദ്, പി. ഉബൈദുല്ല, നഗരസഭാധ്യക്ഷരായ സി.ടി. ഫാത്തിമത്ത് സുഹ്‌റ, കെ.പി മുഹമ്മദ് കുട്ടി, ജില്ലാപഞ്ചായത്തംഗങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, ജമാൽ കരുളായി, ഹുസൈൻ മടവൂർ, സി.പി. ഉമർ സുല്ലമി, അബ്ദുൾ ഹക്കിം നദ്‌വി തുടങ്ങിയവർ പ്രസംഗിച്ചു.