വളാഞ്ചേരി: തമിഴ്‌നാട്ടിൽനിന്ന് കാടാമ്പുഴ ക്ഷേത്രത്തിലേക്കുവന്ന തീർഥാടകസംഘം സഞ്ചരിച്ച ടെമ്പോവാൻ ഓടുന്നതിനിടെ തീപിടിച്ചു. വാനിലുണ്ടായിരുന്നവർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ ദേശീയപാതയിൽ കഞ്ഞിപ്പുരയിലാണ് സംഭവം.

കോയമ്പത്തൂർ സുള്ളിയിൽനിന്നുള്ള ആറു സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരു കുട്ടിയും ഡ്രൈവറും ഉൾപ്പെടെ പതിനൊന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാനിന്റെ എൻജിനകത്തുനിന്ന് പുകയും കരിഞ്ഞ മണവും വന്നതു ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വണ്ടി റോഡരികിൽ നിർത്തി യാത്രക്കാരോടിറങ്ങാൻ പറഞ്ഞു. എല്ലവരും ഇറങ്ങിയപ്പോഴേക്കും വണ്ടി കത്തിത്തുടങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തൊട്ടടുത്ത് സിമന്റ് ചട്ടികളും ഇന്റർലോക്ക് കട്ടകളും ഉണ്ടാക്കുന്ന ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. അപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചു. കാടാമ്പുഴയിലെത്താൻ അഞ്ചുകിലോമീറ്റർ ദൂരം ബാക്കിയുള്ളപ്പോഴാണ് അപകടം.

തിരൂരിൽനിന്ന് ഒരു യൂണിറ്റ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനെത്തി. കുറച്ചുസമയം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു. എൻജിനകത്തുണ്ടായ ഷോർട്ട് സർക്യൂട്ടാകാം വാഹനം കത്താൻ കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

തീർഥാടകർ പിന്നീടു മറ്റൊരു വാഹനത്തിൽ കാടാമ്പുഴയിലേക്ക് പോയി. വാഹനത്തിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 12,000 രൂപയും കത്തിനശിച്ചതായി ഡ്രൈവർ പറഞ്ഞു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് വളാഞ്ചേരി പോലീസ് പറഞ്ഞു.