ചട്ടിപ്പറമ്പ് (മലപ്പുറം): യുവതീ യുവാക്കൾക്ക് മത്സരപ്പരീക്ഷകൾക്കായി പഠനപരിശീലനം നൽകുന്നതിന് മുഖ്യമന്ത്രിയുടെ നൂറുദിന കർമപദ്ധതിയിൽ പ്രഖ്യാപിച്ച ‘വിജയവീഥി പഠനകേന്ദ്രം’ ഈ മാസം തുടങ്ങിയേക്കും. സംസ്ഥാന വ്യവസായ -വാണിജ്യ വകുപ്പിനു കീഴിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സാണ് പദ്ധതി നടപ്പാക്കുന്നത്.

മത്സരപരീക്ഷാ പരിശീലനരംഗത്ത് നഗര -ഗ്രാമ വ്യത്യാസം ഇല്ലാതാക്കുന്ന രീതിയിലാണ് ആസൂത്രണം. യു.പി.എസ്.സി., പി.എസ്.എസി., ബാങ്കിങ്, റെയിൽവേ, സിവിൽസർവീസ്, മറ്റു പൊതുമേഖല സ്ഥാപനങ്ങൾ മുതലായവകളിലേക്കുള്ള മത്സരപരീക്ഷകളിലേക്ക് യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. പത്താംക്ലാസ്, പ്ലസ്ടു, ബിരുദം എന്നിവ അടിസ്ഥാനയോഗ്യതകളായി പി.എസ്.സി. നടത്തുന്ന പ്രാഥമികപരീക്ഷകളുടെ ശാസ്ത്രീയമായ പഠന പരിശീലനമാണ് പ്രാഥമികഘട്ടത്തിൽ. തുടർന്ന് രണ്ടാംഘട്ടത്തിലേക്കുള്ള പരിശീലനവും നൽകും.

ആറുമാസമുള്ള പരിശീലനത്തിന് ലളിതമായ ഫീസ് ഈടാക്കും. പട്ടികവർഗവിഭാഗം പഠിതാക്കൾക്ക് പരിശീലനം സൗജന്യമാണ്. മുഴുവൻ പഠിതാക്കൾക്കും പഠനോപാധികൾ, മാതൃകാപരീക്ഷകൾ നിരന്തരമായി എഴുതിശീലിക്കാനുള്ള സൗകര്യം, വിദഗ്ധപരിശീലകരുടെ വീഡിയോ ക്ലാസുകൾ, മാതൃകാ ചോദ്യപേപ്പറുകൾ എന്നിവ സൗജന്യമാണ്.

പരിശീലനകേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പ്, ധാരണാപത്രം ഒപ്പുവെക്കൽ, അംഗീകാരപത്രങ്ങളുടെ കൈമാറ്റം എന്നിവ പൂർത്തിയായി. ഏകീകൃത രീതിയിലുള്ള നെയിം ബോർഡുകളുടെയും ഇ -മെയിൽ വിലാസങ്ങളുടെയും രൂപകല്പന പ്രാദേശികകേന്ദ്രങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനവും പ്രാദേശിക കേന്ദ്രങ്ങളിലെ പഠനാരംഭവും ഉടൻ നടക്കും.