തൃശ്ശൂർ: ‘സങ്കര വൈദ്യ’ത്തിനെതിരേ നിലപാട് കടുപ്പിക്കുന്ന അലോപ്പതി ഡോക്ടർമാർ സ്വന്തം യോഗ്യത വ്യക്തമാക്കുന്ന കൂടുതൽ നടപടികളിലേക്ക്. കഴിഞ്ഞ നൂറ്റാണ്ടിലും മറ്റും ഡോക്ടർമാരുടെ പേരിനൊപ്പം പതിവായിരുന്ന നാലക്ഷരമാണ് ഇപ്പോൾ തിരിച്ചുവരുന്നത്. അലോപ്പതി വൈദ്യ ബിരുദത്തിന്റെ ചുരുക്കെഴുത്തായ എം.ബി.ബി.എസ്. പേരിനൊപ്പം നിർബന്ധമായും ചേർക്കണമെന്ന് നിർദേശിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലെ സംസ്ഥാന മെഡിക്കൽ കൗൺസിലാണ്. കേരളത്തിലെ കൗൺസിലും വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.

ആയുർവേദത്തിന്റെയും അലോപ്പതിയുടെയും ബിരുദങ്ങളുടെ പേരിൽ പ്രത്യക്ഷത്തിൽത്തന്നെ വ്യത്യാസമുണ്ട്. എന്നാൽ ബിരുദാനന്തര ബിരുദതലങ്ങളിൽ എം.ഡി., എം.എസ്. എന്ന ചുരുക്കപ്പേരുകളാണ് സാധാരണ കാണുന്നത്. ഇതിൽ ആയുർവേദക്കാർ ചിലപ്പോൾ ബ്രാക്കറ്റിൽ വിഭാഗത്തെ സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാറുണ്ട്. ആയുർവേദക്കാർക്കും ശസ്ത്രക്രിയാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഏത് വിഭാഗത്തിൽപ്പെടുന്ന ഡോക്ടറാണെന്ന് രോഗികൾ വേഗം തിരിച്ചറിയണമെന്നുകരുതിയാണ് പുതിയ നീക്കം. മഹാരാഷ്ട്ര കൗൺസിലിന്റെ ഔദ്യോഗിക നിർദേശത്തിന്റെ ചുവടുപിടിച്ച്‌ കൂടുതൽ സംസ്ഥാനങ്ങൾ ഇത് നടപ്പാക്കാനിടയുണ്ട്. സംസ്ഥാനത്തിന്റെ നിയന്ത്രണമുള്ള ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ അടുത്തയോഗത്തിൽ വിഷയം ഉയരുമെന്നാണ് പ്രതീക്ഷ. എന്നാലിതുവരെ ഔദ്യോഗിക അജൻഡയിൽ ഇതുൾപ്പെട്ടിട്ടില്ലെന്നും കൗൺസിൽ വൃത്തങ്ങൾ വ്യക്തമാക്കി.