കൊച്ചി: കോവിഡ് മാനദണ്ഡം പാലിക്കാതെ ദേവസ്വം മന്ത്രിയുടെ ഭാര്യയടക്കമുള്ളവർ ഗുരുവായൂർ ക്ഷേത്രം നാലമ്പലത്തിൽ ദർശനം നടത്തിയ സംഭവത്തിലെ ഹർജിയിൽ ഹൈക്കോടതി ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ഓഫീസറോട് രേഖാമൂലം വിശദീകരണം തേടി. ഹർജി 21-ന് വീണ്ടും പരിഗണിക്കും.

ബി.ജെ.പി. നേതാവ് എ. നാഗേഷിന്റെ ഹർജി ജസ്റ്റിസ് വി.ജി. അരുൺ ആണ് പരിഗണിക്കുന്നത്. നവംബർ 25, 26 തീയതികളിൽ മന്ത്രിയുടെ ഭാര്യയടക്കമുള്ളവർ നാലമ്പലത്തിൽ ദർശനം നടത്തിയെന്നാണ് ഹർജിയിൽ പറയുന്നത്. ഈ സമയം നാലമ്പലത്തിൽ ദർശനം നടത്താൻ അനുമതിയുണ്ടായിരുന്നില്ല. ഇതു മറികടന്ന് ദേവസ്വം ഭാരവാഹികൾക്കൊപ്പം മന്ത്രിയുടെ ഭാര്യയടക്കമുള്ളവർ ക്ഷേത്രദർശനം നടത്തിയെന്നാണ് ഹർജി.

സി.സി.ടി.വി. ദൃശ്യങ്ങൾ കിട്ടിയാലേ ഇതിൽ തുടർനടപടി സ്വീകരിക്കാനാവൂ. അതിനാൽ ദൃശ്യങ്ങൾ ലഭ്യമാക്കാൻ ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം.