തിരുവനന്തപുരം: കന്യാകുമാരി-മുംബൈ എക്‌സ്‌പ്രസിന്റെ യാത്ര പുണെ വരെയായി ചുരുക്കാനുള്ള നീക്കം റെയിൽവേ ബോർഡ് ഉപേക്ഷിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. മന്ത്രി ജി.സുധാകരൻ ഇതു സംബന്ധിച്ച് റെയിൽവേ ബോർഡിനു കത്ത് അയച്ചു. സമയപ്പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടാണ് തീവണ്ടിയുടെ യാത്രാസമയം കുറയ്ക്കാൻ റെയിൽവേ തീരുമാനിച്ചത്. സംസ്ഥാനത്തുനിന്നുള്ള യാത്രക്കാരെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. പുണെയിൽ ഇറങ്ങുന്നവർക്ക് മറ്റു യാത്രാമാർഗങ്ങൾ തേടേണ്ടിവരും.
തിരുവനന്തപുരം-സിൽചാർ അരോണി എക്‌സ്‌പ്രസ് കോയമ്പത്തൂർ വരെയാക്കാനും പാലക്കാട്ടുനിന്നും തിരുചെന്തൂരിലേക്കുള്ള പാസഞ്ചർ എക്‌സ്‌പ്രസ് മധുര വരെയാക്കാനും കൊല്ലം-എറണാകുളം മെമു ആലപ്പുഴ വരെയാക്കി ചുരുക്കാനും റെയിൽവേ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെയും യാത്രക്കാരുടെയും പൊതുവായ താത്‌പര്യങ്ങൾക്കു വിരുദ്ധമായ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതിൽനിന്നു പിൻമാറണമെന്നും മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടു.