പെരിന്തൽമണ്ണ: വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറം കരിങ്കല്ലത്താണി സ്വദേശിയുടെ വീട്ടിൽ എൻ.ഐ.എ. സംഘം പരിശോധന നടത്തി. വിദേശത്ത് ബിസിനസ് നടത്തുന്ന വ്യക്തിയുടെ അരക്കുപറമ്പ് റോഡിലെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ പരിശോധന നടത്തിയത്.
വീട്ടുടമയും കുടുംബവും ഏറെക്കാലമായി ഗൾഫിലാണ്. വീട്ടിൽ ഇളയമകനും കുടുംബവുമാണുണ്ടായിരുന്നത്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ വെട്ടത്തൂർ സ്വദേശി റമീസുമായി വീട്ടുടമയ്ക്ക് ബന്ധമുണ്ടായിരുന്നതായാണ് സൂചന. രാവിലെ തുടങ്ങിയ പരിശോധനയ്ക്കുശേഷം ഉച്ചയോടെയാണ് സംഘം മടങ്ങിയത്. എൻ.ഐ.എ. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്.