തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പല പാഠങ്ങളും കൊല്ലത്തുനിന്ന് പഠിക്കാനുണ്ടെന്ന് സി.പി.ഐ. വിലയിരുത്തൽ.

പരമ്പരാഗത തൊഴിലാളികളും തൊഴിലിടങ്ങളും ഏറെയുള്ള കൊല്ലം ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വേരോട്ടം കുറയുന്നുണ്ടെങ്കിൽ കാരണം വിശദമായി പഠിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർേദശിച്ചത്.

ജനങ്ങളോടുള്ള പെരുമാറ്റവും ഇടപെടലും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതാണെന്ന് കൊല്ലം, കുണ്ടറ മണ്ഡലങ്ങളെക്കുറിച്ചുള്ള വിലയിരുത്തലിൽ സി.പി.ഐ. പറയുന്നു. സിനിമാലോകത്തെ ഗ്ലാമർ പരിവേഷം മാറ്റിവെച്ച് ജനങ്ങളുമായി ഇഴുകിച്ചേരാനോ ജനകീയ എം.എൽ.എ.യായി മാറാനോ മുകേഷിനു കഴിഞ്ഞില്ല.

സി.പി.എമ്മിൽപ്പോലും അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടായി. സ്ഥാനാർഥിക്കെതിരേ വോട്ടർമാരിൽനിന്ന് പരസ്യപ്രതികരണമുണ്ടായി. ഏറെ പ്രയാസപ്പെട്ടാണ് ജനമനസ്സ് മാറ്റിയെടുക്കാനായത്.

കുണ്ടറയിൽ മേഴ്‌സിക്കുട്ടിയമ്മയ്ക്കെതിരേ വോട്ടർമാർക്കിടയിൽ മുറുമുറുപ്പ് ഏറെയായിരുന്നു. അവരുടെ സ്വഭാവരീതി ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന വിധമായിരുന്നില്ല. ഇതൊന്നും പരസ്യപ്രതികരണമായി വന്നില്ലെന്നേയുള്ളൂ.

യു.ഡി.എഫ്. സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് വിനയശീലനായിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ ന്യൂനത വിഷ്ണുനാഥ് മുതലെടുത്തു. വോട്ടർമാർക്കിടയിൽ തുടക്കത്തിലേ നല്ല അഭിപ്രായമുണ്ടാക്കാൻ വിഷ്ണുവിന് കഴിഞ്ഞിരുന്നു.

കൊട്ടാരക്കരയിൽ ചില സീറ്റ് മോഹികളുടെ ‘ചവിട്ടിപ്പിടിത്ത’മുണ്ടായിരുന്നു. ഐക്യത്തോടെ പ്രവർത്തിച്ചിട്ടും വോട്ടുവിഹിതം കുറയാൻ ഇത് കാരണമായി.

കരുനാഗപ്പള്ളിയിലെ പരാജയം പാർട്ടി നേരിട്ട ഏറ്റവും കനത്ത തിരിച്ചടിയാണ്. ഒരു മുനിസിപ്പാലിറ്റിയും ആറു പഞ്ചായത്തുകളുമുള്ള മണ്ഡലത്തിൽ 22 മേഖലാ കമ്മിറ്റികളാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി രൂപവത്കരിച്ചത്. ഒരു മേഖലാ കമ്മിറ്റിക്കു കീഴിൽപ്പോലും എൽ.ഡി.എഫിന് മേൽക്കൈ ലഭിക്കുന്ന വോട്ടുനേടാനായില്ല. ഇത് പ്രത്യേകമായി പഠിക്കാൻ മൂന്നംഗ കമ്മിഷനെ പാർട്ടി നിയോഗിച്ചു.

ചടയമംഗലത്ത് ജില്ലാ എക്സിക്യുട്ടീവ് അംഗം മുസ്തഫയുടെ നേതൃത്വത്തിൽ നടത്തിയ വിമതപ്രവർത്തനം ദോഷംചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.