തിരുവനന്തപുരം: അപൂർവ മാരകരോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം കർമപദ്ധതി ആർദ്രം സംസ്ഥാന കർമസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയോജനങ്ങളുടെയും അവരിൽ രോഗബാധിതരുടെയും കാര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിലെ ഒരു വിഭാഗം ജീവനക്കാർ മാസത്തിൽ ഏതാനും ദിവസം അവശതയനുഭവിക്കുന്ന വയോജനങ്ങളെ കാണാനും വിവരം അന്വേഷിക്കാനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാൻസർ വ്യാപനം തടയാനും മുൻകൂട്ടി കണ്ടെത്താനും ശക്തമായ നടപടികൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മന്ത്രി വീണാ ജോർജ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ടി.എൻ. സീമ എന്നിവർ സംസാരിച്ചു.