കാസർകോട്: സ്കൂൾവിദ്യാർഥികളുടെ മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലിങ് നൽകുന്നതിനുള്ള സൈക്കോ സോഷ്യൽ കൗൺസലർമാരുടെ നിയമനം നിലച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് നിയമനം നിലച്ചത്. 171 ഹയർ സെക്കൻഡറി സ്കൂളുകളുള്ള കണ്ണൂരിൽ ആകെയുള്ളത് 92 കൗൺസലർമാർ മാത്രമാണ്. ബാക്കിയുള്ള 79 സ്കൂളുകളിൽ ഇതുവരെ കൗൺസലർമാരെ നിയമിച്ചിട്ടില്ല. കാസർകോട് ജില്ലയിൽ 110 സ്കൂളുകളിലായി 45 കൗൺസലർമാരാണുള്ളത്.

കോവിഡും അടച്ചിടലും ഓൺലൈൻ ക്ലാസുകളും കാരണം കുട്ടികൾ വീട്ടിൽ തളച്ചിടപ്പെട്ട അവസ്ഥയെ മറികടക്കാൻ മാനസികപിന്തുണ നൽകേണ്ടതിന് കൗൺസലർമാരുടെ കുറവ് തടസ്സമാവുന്നുണ്ട്. കാസർകോട് ജില്ലയിലേക്ക് 2020 ഒക്ടോബറിൽ കൗൺസലർമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ അതിന്റെ കൂടിക്കാഴ്ചപോലും നടത്താതെ ജൂലായിയിൽ വീണ്ടും അപേക്ഷ ക്ഷണിച്ചു.

ഈ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾ അധികൃതരുമായി ബന്ധപ്പെടുമ്പോൾ ലോക്ഡൗൺ കാരണമാണ് കൂടിക്കാഴ്ച നീളുന്നതെന്നും നടപടികൾ പുരോഗമിക്കുകയാണെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. കൗൺസലർമാരുടെ കുറവുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സമ്മതിച്ചതാണ്. അത് പരിഹരിക്കാൻ കൂടുതൽ കൗൺസലർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അധികാരത്തിലേറിയ ഉടൻ വ്യക്തമാക്കിയിരുന്നു. എന്നിട്ടും നിയമനനടപടി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.

ലക്ഷ്യം ഉള്ളറിഞ്ഞ് ശാക്തീകരണം

കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ ശാക്തീകരണത്തിന് വനിതാ-ശിശുവികസനവകുപ്പിന്റെ കീഴിലാണ് സൈക്കോ സോഷ്യൽ പദ്ധതിയിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ കൗൺസലർമാരെ നിയമിക്കുന്നത്. എം.എസ്‌സി. സൈക്കോളജി, എം.എസ്.ഡബ്ല്യു. എന്നിവയിൽ മെഡിക്കൽ ആൻഡ് സൈക്യാട്രി സ്‌പെഷ്യലൈസേഷനാണ് യോഗ്യത. കൗൺസലിങ്, മനശ്ശാസ്ത്ര വിലയിരുത്തൽ, ഫലപ്രദമായ ഇടപെടൽ, കരിയർ ഗൈഡൻസ് എന്നിവയിലൂടെ കുട്ടികൾക്കാവശ്യമായ സാമൂഹിക, മാനസിക പിന്തുണ നൽകി അവരെ സ്വയംപര്യപ്തമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.