തിരുവനന്തപുരം: മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ കലാകാരനെയാണ് വി.എം.കുട്ടിയുടെ വേർപാടിലൂടെ നഷ്ടമായതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

വിവാഹവേദികളിൽ മാത്രം ഒതുങ്ങിപ്പോയിരുന്ന, മാപ്പിളപ്പാട്ട് എന്ന കലാരൂപത്തെ കാലാനുസൃതമായി പരിഷ്കരിച്ച് ജനങ്ങളിലേക്കെത്തിക്കാൻ വി.എം.കുട്ടിയും സംഘവും നടത്തിയ പ്രവർത്തനങ്ങൾ നിസ്തുലമാണ്.

സിനിമാ സംഗീത മേഖലയിലും സാന്നിധ്യമറിയിച്ച അദ്ദേഹം ജീവിതത്തിലുടനീളം ഇടതുപക്ഷ പ്രസ്ഥാനവുമായി വിശേഷിച്ച് സി.പി.എമ്മുമായി സഹകരിച്ചുപ്രവർത്തിച്ചു. ഗായകനായും ഗ്രന്ഥകർത്താവായും സംഘാടകനുമായുമെല്ലാം തിളങ്ങിയ അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.