: മാപ്പിളപ്പാട്ടുകളുടെ ആധുനിക ജനകീയ നവോത്ഥാനത്തിന്റെ നായകനായിരുന്നു വി.എം. കുട്ടി. ഏഴുപതിറ്റാണ്ടിലേറെക്കാലം മാപ്പിളപ്പാട്ടു പ്രചാരണശക്തിയായി പ്രവർത്തിച്ച അതുല്യപ്രതിഭ. ആധുനികകേരളത്തിന് മാപ്പിളപ്പാട്ടുകളുടെ പര്യായങ്ങളിലൊന്ന്.

ഇത്രയേറേ വേദികളിൽ, ഇത്രയേറേ ആളുകളെ നേരിട്ടു മാപ്പിളപ്പാട്ടു പാടിക്കേൾപ്പിച്ച ഒരു പാട്ടുകാരൻ വേറെയില്ല. ഇന്ത്യയ്ക്കകത്തും പുറത്തുമായി ആയിരക്കണക്കിനു വേദികളിൽ പതിനായിരത്തിലധികം പാട്ടുകളാണദ്ദേഹം പാടിയത്. മാപ്പിളപ്പാട്ടുഗാനമേളയ്ക്ക് പൊതുസ്വീകാര്യത നേടുക്കൊടുത്തതും അദ്ദേഹമാണ്.

‘വി.എം. കുട്ടി-വിളയിൽ വത്സല’ സംഘം ഒരുകാലത്ത് ലോകപ്രശസ്തമായിരുന്നു. ആധുനികകാലം സൃഷ്‌ടിച്ചുനൽകിയ പുതിയ ആവിഷ്‌കാരസാധ്യതകൾ ഉപയോഗപ്പെടുത്തി വി.എം. കുട്ടി മാപ്പിളപ്പാട്ടുകൾക്കു നവോത്ഥാനത്തിന്റെ ഉള്ളടക്കമുള്ള ജനകീയമുഖം നൽകി. സ്വന്തമായി കുറേ പാട്ടുകൾ എഴുതി അവതരിപ്പിച്ചു. പുതിയ പ്രമേയങ്ങൾ കണ്ടെത്തി. സാമൂഹികവിമർശനവും സ്ത്രീപക്ഷനിലപാടും പുരോഗമനവീക്ഷണങ്ങളും സ്വന്തം പാട്ടുകളുടെ അന്തർബലമാക്കി.

“പൂരം കാണണ ചേല്‌ക്ക് ഞമ്മടെ

മോത്തു നോക്ക്ണ കാക്കാ നിങ്ങടെ

സ്വർണംപൂശിയ പല്ലുകൾകണ്ട് മയങ്ങൂലാ-

പടച്ചോനാണ് വണ്ടിയിൽ ഞമ്മള് കേറൂലാ”

പോലുള്ള വിമർശനാത്മകമായ സ്ത്രീസ്വരങ്ങൾ വി.എം. കുട്ടിയുടെ പാട്ടുകളിൽ നിരന്തരം കേൾക്കാൻ കഴിഞ്ഞു.

നിത്യജീവിതത്തിലെ സാധാരണ അനുഭവങ്ങൾപോലും മാപ്പിളപ്പാട്ടുകൾക്ക് പണ്ടുമുതലേ വിഷയമായിട്ടുണ്ട്. പ്രണയം, മരണം, വിവാഹം, യുദ്ധം, ചരിത്രം, കൃഷി, കച്ചവടം, രാഷ്‌ട്രീയം, രോഗം, തിരഞ്ഞെടുപ്പ് എന്നുവേണ്ട, നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതനുഭവവും വി.എം. കുട്ടിയുടെ മാപ്പിളപ്പാട്ടുകളിലും വിഷയമായി. തേങ്ങാപ്പാട്ട്, മാങ്ങാപ്പാട്ട്, മുട്ടപ്പാട്ട്, മൂട്ടപ്പാട്ട്, കുപ്പിപ്പാട്ട്, നരിപ്പാട്ട്, കച്ചോടപ്പാട്ട്, മക്കാനിപ്പാട്ട്, പുലിപ്പാട്ട്, നിസ്‌കാരപ്പാട്ട്, യാത്രപ്പാട്ട്, തോണിപ്പാട്ട് എന്നിങ്ങനെ വിവിധ ജീവിതരംഗങ്ങളോടുള്ള പ്രതികരണമായി വന്ന മാപ്പിളപ്പാട്ട്‌ നാടോടി സംസ്‌കൃതിയുണ്ട്. അതിനേയും സ്‌മൃതിപ്പാട്ടുകൾ, സ്തുതിപ്പാട്ടുകൾ, കെസ്സുപാട്ടുകൾ, ഖിസ്സപ്പാട്ടുകൾ, പടപ്പാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കത്തുപാട്ടുകൾ, മാലപ്പാട്ടുകൾ തുടങ്ങിയ പരമ്പരാഗത ക്ലാസിക്കൽ മാപ്പിളപ്പാട്ടു പാരമ്പര്യത്തെയും ആധുനികമായ ഒരനുപാതത്തിൽ സമന്വയിപ്പിച്ചു എന്നതാണ് വി.എം. കുട്ടി ഈ ജനകീയ ഗാനശാഖയ്ക്കു നൽകിയ ആധുനിക നവോത്ഥാനത്തിന്റെ കാതൽ.

മാപ്പിള ഫോക്‌ലോറിനെ അദ്ദേഹം മലയാളത്തിലെ മറ്റേതൊരു ഗാനശാഖയേക്കാൾ മുന്നിലേക്കെത്തിക്കാൻ യത്‌നിച്ചു. ഗ്രാമഫോൺ റെക്കോഡുകൾ, റേഡിയോ കാസറ്റുകൾ, സി.ഡി.കൾ സിനിമ, ടെലിവിഷൻ, സാമൂഹികമാധ്യമങ്ങൾ തുടങ്ങിയ എല്ലാ ആധുനിക മാധ്യമങ്ങളിലൂടെയും മാപ്പിളപ്പാട്ടുകൾക്ക് പ്രചുരപ്രചാരം നൽകാൻ മുന്നിൽനിന്നു. പുതിയ പ്രതിഭകളെയും സാങ്കേതിക വിദഗ്ധരെയും അണിനിരത്തി മാപ്പിളപ്പാട്ടുവഴക്കങ്ങളെ ആധുനികീകരിച്ചു.

ആധുനികകാലത്ത് ജാതി-മത-വർണ-വർഗ-ലിംഗ ഭേദങ്ങളൊന്നുമില്ലാതെ എല്ലാവർക്കും സ്വീകരിക്കാൻ പാകത്തിൽ മാപ്പിളപ്പാട്ടു സംസ്‌കൃതിയെ ജനാധിപത്യവത്‌കരിക്കുകയും ജനകീയമാക്കിത്തീർക്കുകയുംചെയ്ത മുന്നേറ്റത്തിന്റെ മുൻനിര നായകനായിരുന്നു വി.എം. കുട്ടി. പാട്ടുകാരനും എഴുത്തുകാരനും സംഘാടകനും സാംസ്‌കാരികപ്രവർത്തകനും മാത്രമല്ല, ഒന്നാംതരം ഗവേഷകനും കൂടിയായിരുന്നു അദ്ദേഹം എന്നതിനുദാഹരണമാണ് അദ്ദേഹത്തിന്റെ ‘മാപ്പിളപ്പാട്ടിന്റെ ലോകം’ എന്ന കൃതി. ആ പുസ്തകത്തിന്റെ പുതിയ പതിപ്പിന് അവതാരികയെഴുതാനും അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ പ്രകാശനംചെയ്യാനും ഒട്ടേറേ വേദികളിൽ അദ്ദേഹത്തെ ആദരിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്.

1985-ൽ കുറ്റിപ്പാല നെല്ലിശ്ശേരിയിൽ അദ്ദേഹത്തിന്റെ മെഗാ ഗാനമേള ഉദ്ഘാടനംചെയ്യാൻ ഭാഗ്യമുണ്ടായത് എനിക്കാണ്. അന്നു തുടങ്ങിയതാണ് വി.എം. കുട്ടിയുമായുള്ള ഹൃദയബന്ധം. മലയാളസർവകലാശാല വി.എം. കുട്ടിക്ക് ഡോക്ടറേറ്റ് നൽകിയ സന്ദർഭത്തിലും പങ്കുചേരാൻകഴിഞ്ഞു. പല പല വേദികളിൽ ഒപ്പമുണ്ടായി. മാപ്പിളപ്പാട്ടുകൾ അദ്ദേഹത്തിനു ജീവിതംതന്നെയായിരുന്നു. അദ്ദേഹത്തെക്കൂടാതെ മാപ്പിളപ്പാട്ടുകളുടെ മഹാചരിത്രം നമുക്കു സ്‌മരിക്കാനാവുകയില്ല. ഇശലുകളുടെ ആ സുൽത്താൻ വിടവാങ്ങുമ്പോൾ സ്വന്തം ജ്യേഷ്ഠസഹോദരൻ നഷ്ടപ്പെട്ടപോലെയുള്ള ദുഃഖം മനസ്സിനെ പൊതിയുന്നു.