കണ്ണൂർ: കണ്ണൂർ-തലശ്ശേരി റൂട്ടിൽ തലശ്ശേരി കോടതിക്ക് സമീപമാണ് ‘കല്യാണി നിവാസ്’. പ്രൗഢിയുള്ള പഴയ ഇരുനില വാർപ്പുവീട് എന്നതിലുപരി പലരും ഇൗ വീട് ശ്രദ്ധിക്കുന്നത് മറ്റൊരു കാരണത്താലാണ്. വീട്ടുകോലായയുടെ ചുമരിൽത്തന്നെയുണ്ട് അപൂർവമായൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. ദൂരക്കാഴ്ചയിൽനിന്നറിയാം, ചില്ലിട്ടുതൂക്കിയ ചിത്രത്തിലുള്ള പൂർണകായരൂപം ജവാഹർലാൽ നെഹ്രുവിന്റേതാണെന്ന്. എന്നാൽ പതിവിൻപടി ഉടുപ്പിൽ റോസാപ്പൂ തിരുകി, സുസ്മേരവദനനായ ചാച്ചാജിയല്ല, ചിത്രത്തിലുള്ളത്. അല്പം കോപിഷ്ഠമായ മുഖഭാവവും ശരീരഭാഷയുമാണ് ഫോട്ടോയിലെ നെഹ്രുവിന്.

1955 ജനുവരിയിൽ തമിഴ്നാട്ടിലെ ആവഡിയിൽ ചേർന്ന എ.െഎ.സി.സി. സമ്മേളനവേദിയിലെ ഒരു സന്ദർഭമാണ് ചിത്രത്തിലേത്. സമ്മേളനത്തിന്റെ ഭാഗമായി ഗൗരവമായ ചർച്ച നടക്കുന്നതിനിടെയാണ് ഒരുകാര്യം നെഹ്രുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. സദസ്സിന്റെ മുൻനിരയിലിരിക്കുന്ന പ്രതിനിധികളിൽ ചിലർ ഉറക്കം തൂങ്ങുന്നു! ക്ഷുഭിതനായ നെഹ്രു ഇരിപ്പുറപ്പിച്ച മെത്തയിലെ ഉരുളൻ തലയിണയെടുത്ത് അവരെ എറിയാൻ നോക്കി. സ്ഥലത്തുണ്ടായിരുന്ന പ്രമുഖ ഫോട്ടോഗ്രാഫർ ഇ.വി.രാമസ്വാമിക്ക് നിമിഷനേരം മതിയായിരുന്നു ഈ അപൂർവത തന്റെ ക്യാമറയിൽ ഒപ്പിയെടുക്കാൻ. അന്ന് രാമസ്വാമിയെടുത്ത ഫോട്ടോയാണ് ‘കല്യാണി നിവാസി’ന്റെ ചുമരിനെ ഇന്നും അലങ്കരിക്കുന്നത്.

ഫോട്ടോ ഇൗ വീട്ടിലെത്തിയതിനു പിറകിലുമുണ്ട് ഒരു അപൂർവതയുടെ കഥ. ഫോട്ടോഗ്രാഫർ ഇ.വി.രാമസ്വാമിയുടെ അടുത്ത സുഹൃത്തായിരുന്നു ഗ്രേറ്റ് ബോംബെ സർക്കസ് ഉടമ കെ.എം.ബാലഗോപാൽ. സർക്കസുമായി ലോകംചുറ്റിയ കാലത്താണ് കോയമ്പത്തൂർ സ്വദേശിയായ രാമസ്വാമിയുമായി ബാലഗോപാൽ സൗഹൃദത്തിലായത്. തികഞ്ഞ കോൺഗ്രസുകാരനായിരുന്നു ബാലഗോപാൽ. തന്റെ ക്യാമറയിൽ പതിഞ്ഞ അപൂർവ ഫോട്ടോയുടെ യഥാർഥ പ്രിന്റ് ബാലഗോപാലിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന് നൽകാൻ രാമസ്വാമിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല. 1960-ലാണ് ബാലഗോപാൽ ‘കല്യാണി നിവാസ്’ പണിഞ്ഞത്. ‘വീടുവെച്ചനാൾ മുതൽ ഇൗ ഫോട്ടോ ഇവിടെയുണ്ട്. ഫോട്ടോയെക്കുറിച്ച് കേട്ടറിഞ്ഞ് ചിലർ ഇപ്പോഴും ഇവിടെയെത്താറുണ്ട്’- കെ.എം.ബാലഗോപാലിന്റെ മകനും കല്യാണി നിവാസിലെ ഇപ്പോഴത്തെ താമസക്കാരനുമായ കെ.എം.ദിലീപ് നാഥ് പറയുന്നു.