കൊച്ചി: മറ്റു വകുപ്പുകൾ ചെയ്യേണ്ട ജോലികൾ പഞ്ചായത്തുകൾക്കുമേൽ വെക്കുന്നതിനെതിരേ തദ്ദേശസ്ഥാപനങ്ങളിൽ പ്രതിഷേധമുയരുന്നു. ഈ ദുരവസ്ഥയുണ്ടായിട്ടും സ്വന്തം വകുപ്പുമേധാവികൾ അത് നോക്കിനിൽക്കുന്നതിനെതിരേ പ്രക്ഷോഭത്തിന് കോപ്പുകൂട്ടുകയാണ് പഞ്ചായത്ത് ജീവനക്കാർ.

പഞ്ചായത്തുകളിലെ ജോലിഭാരം സംബന്ധിച്ച സർക്കാർ പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപ്രകാരം അധിക തസ്തികകൾ അനുവദിക്കാൻ ഇതുവരെ നടപടിയെടുത്തിട്ടില്ല. നിലവിലെ ജോലിക്കുതന്നെ ആൾക്ഷാമം നേരിടുമ്പോഴാണ് പുറമേനിന്നുള്ള ജോലികളും ഏല്പിക്കുന്നത്.

ജനപ്രതിനിധികളുടെ സേവനം അനിവാര്യമായ, പുതുതായി നടപ്പാക്കുന്ന പദ്ധതികളാണ് പഞ്ചായത്ത് ജീവനക്കാർ മുഖേന നടപ്പാക്കുന്നത്. ജനപ്രതിനിധികളുടെ സേവനം എല്ലാ വകുപ്പുകൾക്കും നേരിട്ട് സ്വീകരിക്കാമെന്നിരിക്കെ, അത് പഞ്ചായത്തുകളിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നാണ് ജീവനക്കാരുടെ വാദം. അതേസമയം, പഞ്ചായത്തുകളെ ഏല്പിക്കുന്ന ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വേണ്ടി ഘടക സ്ഥാപനങ്ങളിൽനിന്ന് ആളുകളെ എടുക്കാനുള്ള നീക്കം അതതു വകുപ്പുകൾ വിലക്കുകയും ചെയ്യുന്നു.

ലൈഫ് സർവേ, അതിദാരിദ്ര്യ സർവേ തുടങ്ങിയ വലിയ പദ്ധതികൾക്ക് സെൻസസ് മാതൃകയിൽ വിവിധ വകുപ്പുകളിലെ ജീവനക്കാരെ ചുമതലപ്പെടുത്തണം. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും പഞ്ചായത്തുകളുടെ സുഗമമായ നടത്തിപ്പിനും ഇത് ആവശ്യമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

ജലജീവൻ മിഷൻ, അതിഥിത്തൊഴിലാളി രജിസ്‌ട്രേഷൻ, ഇ-ശ്രം, ഈസ് ഓഫ് ഡൂയിങ്‌, അതിദാരിദ്ര്യ സർവേ, ദുരന്തനിവാരണം, ലൈഫ്, കോവിഡ് തുടങ്ങി മറ്റു വകുപ്പുകൾ ചേയ്യേണ്ടതോ അവരുടെ സഹകരണത്തോടെ ചെയ്യേണ്ടതോ ആയ കാര്യങ്ങൾ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവരുന്നു എന്നാണ് പരാതി.

പഞ്ചായത്തിലെ മുഖ്യ പ്രതിപക്ഷ യൂണിയനായ കേരള പഞ്ചായത്ത് ഓർഗനൈസേഷനാണ് ഇതിനായി പ്രത്യക്ഷത്തിൽ രംഗത്തു വന്നിട്ടുള്ളത്. ഭരണപക്ഷ യൂണിയനുകളിലെ അംഗങ്ങൾക്ക് ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ പ്രമുഖ പദ്ധതികളുടെ കാര്യത്തിൽ കടുപ്പിച്ചൊന്നും പറയാൻപറ്റാത്ത സ്ഥിതിയാണ്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡയറക്ടർക്ക് സംഘടന കത്ത് നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ നിസ്സഹകരണം ഉൾപ്പെടെ പ്രത്യക്ഷസമരത്തിന്‌ ഇറങ്ങാനാണ് തീരുമാനം.