തൃശ്ശൂർ: ക്രമക്കേട് കാരണം സാന്പത്തിക പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറും പൂട്ടി. പൊറത്തിശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന നീതി മെഡിക്കൽ സ്റ്റോറാണ് മുന്നറിയിപ്പില്ലാതെ പൂട്ടിയത്. ബാങ്കിന്റെ സ്വന്തം കെട്ടിടത്തിലായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. നല്ലനിലയിലുള്ള വിൽപ്പനയും ഇവിടെ നടന്നിരുന്നു.

ഈയിടെ ബാങ്കിന്റെ ഇരിങ്ങാലക്കുട എക്സ്റ്റൻഷൻ കേന്ദ്രം പൂട്ടിയിരുന്നു. സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിച്ചിരുന്നത് എന്ന കാരണത്താലാണ് പൂട്ടിയത്. സ്വന്തം കെട്ടിടങ്ങളിലല്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം തുടരണോയെന്ന് നിശ്ചയിക്കാനുള്ള അധികാരം അഡ്മിനിസ്ട്രേറ്റർക്ക് നല്കിയിരുന്നു. ഇൗ അധികാരം ഉപയോഗിച്ചാണ് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലുണ്ടായിരുന്ന എക്സ്റ്റൻഷൻ കേന്ദ്രം പൂട്ടിയത്.

എന്നാൽ പൊറത്തിശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന നീതി മെഡിക്കൽ സ്റ്റോർ ഏത് സാഹചര്യത്തിലാണ് പൂട്ടിയതെന്ന് ബാങ്ക് പറയുന്നില്ല. മൂന്ന് ജീവനക്കാരാണിവിടെ ഉണ്ടായിരുന്നത്. ഇതിന് തൊട്ടടുത്ത് ഈയിടെ സ്വകാര്യ മെഡിക്കൽ സ്റ്റോർ ആരംഭിച്ചിരുന്നു. ഈ സ്ഥാപനത്തെ സഹായിക്കാനാണ് ബാങ്ക് നീതി മെഡിക്കൽ സ്റ്റോർ പൂട്ടിയതെന്ന ആരോപണം ശക്തമാണ്.

പ്രതിയായ ആശാവർക്കർ മുങ്ങി, സേവനങ്ങൾ മുടങ്ങി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പ്രതിചേർക്കപ്പെട്ട ഭരണസമിതിയംഗം മുങ്ങിയതോടെ ഇരിങ്ങാലക്കുട നഗരസഭ പത്താം വാർഡിൽ ജനസേവനങ്ങൾ നിലച്ചു. പ്രതിചേർക്കപ്പെട്ട അമ്പിളി മഹേഷ് പത്താം വാർഡിലെ ആശാ വർക്കറാണ്. പ്രതി ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

രണ്ട് വാർഡിലെ കുട്ടികളുടെയും ഗർഭിണികളുടെയും കുത്തിവെപ്പുകൾ, പ്രതിരോധമരുന്നുവിതരണം, കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധപ്രവർത്തനങ്ങൾ എന്നിവയെല്ലാം താറുമാറായതായി വാർഡ് നിവാസികൾ പറയുന്നു. എത്രയും വേഗം നഗരസഭ ഇടപെട്ട് ബദൽ മാർഗം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പ് ശേഖരണം തുടങ്ങി. പുതിയ ആശാവർക്കറെ നിയമിച്ചില്ലെങ്കിൽ‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറഞ്ഞു.

സി.പി.എം. പ്രവർത്തകയായ ആശാവർക്കറെ പാർട്ടി സംരക്ഷിക്കുകയാണെന്ന് ഒരുവിഭാഗം ജനങ്ങൾ ആരോപിക്കുന്നു. ഇതിനിടെ പ്രതിയുടെ വീട്ടിൽ നടന്ന വിവാഹത്തിൽ മന്ത്രിയും സി.പി.എം. നേതാക്കളും പങ്കെടുത്തുവെന്നും ആരോപണമുണ്ട്.