കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. കോഴ്സിന് പരമാവധി ഫീസ് അതത് കോളേജുകൾ അവകാശപ്പെടുന്നതുവരെയാകാമെന്ന് എൻട്രൻസ് കമ്മിഷൻ വിദ്യാർഥികളെ വെബ് സൈറ്റിലൂടെയും ഓൺലൈൻ പോർട്ടലിലൂടെയും അറിയിക്കണമെന്ന് ഹൈക്കോടതി. ഫീസിനെ സംബന്ധിച്ച വിവരം കോളേജുകൾ നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോടതിയോ കോടതി നിയമിക്കുന്ന അതോറിറ്റിയോ നിശ്ചയിക്കുന്ന ഫീസ് നൽകാൻ ബാധ്യതയുണ്ടെന്ന് പ്രവേശനത്തിന് എത്തുന്ന വിദ്യാർഥികൾ ഉറപ്പ് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ഈ വർഷവും സ്വാശ്രയ മെഡിക്കൽ കോളേജിലെ ഫീസ് നിർണയം അനിശ്ചിതത്തിലാക്കിയ ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർദേശം.