മലപ്പുറം: കാൽപ്പന്തുകളിയിൽ കേരളത്തിന്റെ പ്രതിരോധക്കോട്ട കാത്തു സൂക്ഷിച്ച ജംഷീന ഇപ്പോൾ തിരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്. അണ്ടർ-17, 19, സീനിയർ വിഭാഗത്തിൽ ബൂട്ടണിഞ്ഞ ജംഷീന 2016-ൽ കേരള ഫുട്‌ബോൾ അസോസിയേഷന്റെ മികച്ച താരമായിരുന്നു. മലപ്പുറം നഗരസഭ 13-ാം വാർഡ് കാളമ്പാടിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്നു.

ഭർത്തൃപിതാവ് മജീദ് ഉരുണിയൻപറമ്പിൽ കൗൺസിലറായ വാർഡ് വനിതാ സംവരണമായതോടെയാണ് ജംഷീനയ്ക്ക് നറുക്ക് വീണത്.

ഫുട്‌ബോളിനോടുള്ള കമ്പം കയറിയത് ഉപ്പ പി. സിദ്ദിഖിൽ നിന്നാണെന്ന് ജംഷീന പറയുന്നു. തന്നെയും സഹോദരി ഷംനാസിനെയും കളി പഠിപ്പിച്ചത് പിതാവാണ്. മകൾ മറ്റൊരു മേഖലയിൽ മത്സരിക്കുന്നത് കാണാൻ ഉപ്പ ജീവിച്ചിരിക്കുന്നില്ല എന്ന സങ്കടം ജംഷീനയ്ക്കുണ്ട്.

തിരുവല്ല മാർത്തോമ കോളേജിൽ നിന്നാണ് എം.എ. ഇക്കണോമിക്‌സ് പൂർത്തിയാക്കിയത്. മികച്ച കേന്ദ്രത്തിൽ ഫുട്‌ബോൾ പരിശീലിക്കുക എന്ന ലക്ഷ്യംവെച്ചാണ് കിലോമീറ്ററുകൾ അകലെയുള്ള തിരുവല്ലയിലേക്ക് വെച്ചുപിടിച്ചത്. വോളിബോൾ ഗ്രാമമായ വള്ളിക്കുന്ന് ആനങ്ങാടിയാണ് ജന്മനാട്.

ജംഷീനയ്ക്കിത് പുതിയ അനുഭവമാണ്. കുതിച്ചുവരുന്ന പോരാളികളിൽനിന്ന് പന്ത് തട്ടിയെടുത്ത് മുന്നേറ്റത്തിന് പാസ് നൽകിയ അനുഭവം തിരഞ്ഞെടുപ്പ് ഗോദയിലും വിജയിക്കുമോ എന്നറിയാനുള്ള ശ്രമം. എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് ഷമീംസാദും കൂടെയുണ്ട്.