തിരുവനന്തപുരം: തിരഞ്ഞെടുപ്പുജോലിക്ക് ഉദ്യോഗസ്ഥരുടെ നിയമനം ഇ-ഡ്രോപ് സോഫ്റ്റ്‌വേർ വഴി. ഓരോ ബൂത്തിലും പോലീസിനെക്കൂടാതെ പ്രിസൈഡിങ് ഓഫീസറുൾപ്പെടെ അഞ്ചുപേരാണുണ്ടാവുക. ആകെ 34,744 ബൂത്തുകളിലേക്ക് ഒന്നേമുക്കാൽ ലക്ഷം ജീവനക്കാർ വേണം. 20 ശതമാനംപേരെ അധികമായി കരുതാറുണ്ട്. ഇത്തവണ കോവിഡുകൂടി കണക്കിലെടുത്ത്് രണ്ടേകാൽലക്ഷം പോളിങ് ഉദ്യോഗസ്ഥരുണ്ടാകും.

ഇ-ഡ്രോപ്പ് എന്നാൽ

വെബ് അധിഷ്ഠിത സോഫ്റ്റ്‌വേർ. ഇതിന്റെ സഹായത്തോടെ സർക്കാർ ജീവനക്കാരുടെ സ്ഥിതിവിവരക്കണക്കുകളുണ്ടാക്കും. ഇതിൽനിന്ന്‌ നിശ്ചിത ക്രമമില്ലാതെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന സംവിധാനമാണ് ഇ-ഡ്രോപ്പ്.

നിയമനം ഇങ്ങനെ

ഓരോ തദ്ദേശസ്ഥാപനത്തിന്റെയും പരിധിയിലെ സർക്കാർ, അർധസർക്കാർ, ഗവ. അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാരുടെ വിശദാംശങ്ങൾ ഇ-ഡ്രോപ്പിൽ സ്ഥാപനമേധാവികൾ രേഖപ്പെടുത്തും. തദ്ദേശസെക്രട്ടറി പരിശോധിച്ച് ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥന്‌ നൽകും. സൂക്ഷ്മപരിശോധനയ്ക്കുശേഷം ക്രമരഹിതമായ തിരഞ്ഞെടുപ്പുനടത്തി നിയമിക്കുന്നതാണ് ഇ-ഡ്രോപ്പിന്റെ പ്രവർത്തനം.

ഒന്നാംഘട്ടത്തിൽ പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ വരും. നിയമനം എവിടെയെന്നും ഇ.വി.എമ്മുകളുടെ പരിശീലനത്തിന്റെ വിശദാംശങ്ങളും അതിലുണ്ടാകും. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ രണ്ടുദിവസംമുമ്പാണ്. പോളിങ്‌സ്റ്റേഷന്റെ വിശദാംശങ്ങൾ ഇവിടെ ലഭ്യമാകും.

എസ്.എം.എസിലൂടെയും ഈ വിവരങ്ങൾ കിട്ടും. സ്ഥാപനം/സ്റ്റാഫ് എന്നിവരുടെ വിശദാംശങ്ങൾ www.edrop.gov.in എന്ന വെബ്‌സൈറ്റിലുണ്ടാകും. നിയമന ഉത്തരവും പോളിങ്‌സ്റ്റേഷന്റെ വിവരങ്ങളും സ്ഥാപനമേധാവിക്കും പോളിങ് ഉദ്യോഗസ്ഥർക്കും ഡൗൺലോഡ് ചെയ്യാം.

ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ-ഡ്രോപ്പ് സോഫ്റ്റ്‌‌വേറിൽ 16 മുതൽ 21 വരെ ചേർക്കും. 26-ന് നിയമന ഉത്തരവിറക്കും. പ്രിസൈഡിങ് ഓഫീസർ, ഒന്നാം പോളിങ് ഓഫീസർ എന്നിവർക്ക് പരിശീലനം 30-നാണ്. അന്തിമഘട്ടം ഡിസംബർ നാലിനും.