കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന് കർശന വ്യവസ്ഥകളോടെ ഹൈക്കോടതി മൂന്നുമാസം ജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതാവുകൂടിയായ പി.കെ. കുഞ്ഞനന്തൻ നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കുഞ്ഞനന്തന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചകൂടുമ്പോൾ പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. 2014 ജനുവരിയിലാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.