ചങ്ങനാശ്ശേരി: സംസ്ഥാനത്തെ കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് പലവ്യഞ്ജനക്കിറ്റുകൾ സൗജന്യമായി റേഷൻകടകളിലൂടെ വിതരണംചെയ്തുതുടങ്ങി.

കാർഡ് ഉടമകൾക്ക് ജൂണിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്ന സൗജന്യകിറ്റിലെ അതേ ഇനങ്ങൾ, അതേ അളവിൽ ഉൾപ്പെടുത്തി, നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന രീതിയിലാണ്‌ വിതരണം ചെയ്യുന്നത്‌. പോർട്ടബിലിറ്റി മുഖേന റേഷൻ സാധനങ്ങൾ വാങ്ങുമ്പോൾ (കാർഡ് ചേർത്തിട്ടുള്ള റേഷൻകട അല്ലാതെ മറ്റൊരു കടയിൽനിന്ന് വാങ്ങുന്നത്), വിരൽ പതിപ്പിച്ച് വാങ്ങുന്നത് പരാജയപ്പെടുന്നപക്ഷം ഒ.ടി.പി. മുഖേന ഇനി സാധനങ്ങൾ വാങ്ങാം. ഇതിനായി കാർഡുടമയുടെ ഫോണിൽ വരുന്ന ഒ.ടി.പി. നൽകിയാൽ മതിയാവും. ഇതോടെ വിരൽ പതിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന്‌ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ പറഞ്ഞു.