കണ്ണൂർ: സംസ്ഥാനത്തെ ട്രഷറി സേവിങ്‌സ് അക്കൗണ്ട് ഉടമകളായ എല്ലാവർക്കും എ.ടി.എം. കാർഡ് നൽകാനുള്ള ധനവകുപ്പിന്റെ തീരുമാനം അനിശ്ചിതത്വത്തിൽ. ഫെഡറൽ ബാങ്കുമായി ചേർന്ന് കോ ബ്രാൻഡ് എ.ടി.എം. സംവിധാനം നടപ്പാക്കാനാണ് രണ്ടുവർഷം മുൻപെടുത്ത തീരുമാനം. ഫെഡറൽ ബാങ്ക് സംസ്ഥാന ട്രഷറി ഡയറക്ടർക്ക് ഇതു സംബന്ധിച്ച് സമർപ്പിച്ച ശുപാർശ നേരത്തേ അംഗീകരിക്കുകയും ധാരണാപത്രത്തിൽ ഒപ്പിടാൻ തീരുമാനിക്കുകയും ചെയ്തതാണ്.

എന്നാൽ ഒരു ബാങ്കുമായി മാത്രം ധാരണാപത്രം ഒപ്പിടുന്നതിൽ മറ്റു ചില പൊതുമേഖലാ ബാങ്കുകൾ എതിർപ്പ് പ്രകടിപ്പിച്ചു. നേരത്തേ പ്രമുഖ പൊതുമേഖലാ ബാങ്കുകളുമായി സർക്കാർ സംസാരിച്ചെങ്കിലും അവർ താത്പര്യം കാണിക്കാത്തതിനാലാണ് ഫെഡറൽ ബാങ്കുമായി കോ ബ്രാൻഡ് സംവിധാനത്തിലേക്ക് നീങ്ങാൻ തിരുമാനിച്ചത്. എന്നാൽ അവസാനഘട്ടത്തിൽ തങ്ങളെയും പദ്ധതയിൽ ഉൾപ്പെടുത്തണമെന്ന് മറ്റു ബാങ്കുകൾ നിർബന്ധം പിടിച്ചു. ഇതാണ് പദ്ധതി അനിശ്ചിതത്വത്തിലാക്കിയത്.

രാജ്യത്ത് ട്രഷറി സേവിങ്‌സ്‌ ബാങ്ക് സംവിധാനം സ്വന്തമായുള്ള സംസ്ഥാനമാണ് കേരളം. ട്രഷറി എ.ടി.എം. സംവിധാനം വരുന്നത് 11 ലക്ഷം സർക്കാർ ജീവനക്കാർക്കാർക്കും പെൻഷൻകാർക്കും വലിയ ഗുണമാണ്. ഇടപാടുകാർക്ക് ട്രഷറിയിൽ നേരിട്ടെത്തിയാലേ പണമെടുക്കാനാവൂ എന്ന തടസ്സം ഇതോടെ നീങ്ങും. പണം ഒന്നിച്ചു പിൻവലിക്കുന്നതിന് പകരം ആവശ്യത്തിനുമാത്രം എടുക്കുന്നതിനാൽ ട്രഷറി അക്കൗണ്ടിൽ നിക്ഷേപം ഏറെക്കാലം നിലനിൽക്കുന്നത് സർക്കാരിനും ഗുണമാണ്.

ടി.എസ്.ബി., ഫെഡറൽ ബാങ്ക് എന്നീ പേരുകൾ രേഖപ്പെടുത്തിയ കോ ബ്രാൻഡ് കാർഡ് വിതരണം ചെയ്യാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. നിലവിൽ 13 ലക്ഷം ട്രഷറി സേവിങ് അക്കൗണ്ടുകളാണുള്ളത്. ആവശ്യപ്പെടുന്ന എല്ലാവർക്കും കാർഡ് ‌നൽകാനായിരുന്നു തീരുമാനം. നിലവിൽ ട്രഷറി അക്കൗണ്ടുകളിൽനിന്ന്‌ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാൻ ഓൺലൈൻ സൗകര്യമുണ്ട്. എ.ടി.എം. സൗകര്യം വന്നാൽ ജീവനക്കാരും പെൻഷൻകാരും ട്രഷറി അക്കൗണ്ടിൽത്തന്നെ പണം സൂക്ഷിക്കുമെന്നതിനാൽ ഖജനാവിൽനിന്ന്‌ ആദ്യദിവസം തന്നെ പണത്തിന്റെ കുത്തൊഴുക്ക് കുറയ്ക്കാനും സാധിക്കും.

ബാങ്കിങ്‌ ലോബിയുടെ സമ്മർദം കാരണമാണ് പദ്ധതി നിർത്തിവെച്ചതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ട്രഷറി അക്കൗണ്ടുകളിൽനിന്ന്‌ ഇടപാടുകൾ നടത്തുമ്പോൾ എസ്.എം.എസ്. അലർട്ട് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ അനുമതി നൽകിയെങ്കിലും ഇതും നടപ്പാക്കിയിട്ടില്ല.