തൃശ്ശൂർ: കോവിഡ്-ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോൾ പൊങ്കാല. തിരുവനന്തപുരത്തെ തിരുവാതിരക്കളിയും പാർട്ടിസമ്മേളനങ്ങളും സർക്കാർ പരിപാടികളും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ജാഗ്രതവേണമെന്ന നിർദേശത്തിനുതാഴെ തിരുവാതിരക്കളി നടത്താമോയെന്ന ചോദ്യമാണ് നിരവധിപ്പേരുടേത്.

ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയിട്ട പോസ്റ്റിൽ ബുധനാഴ്ച ഉച്ചയായപ്പോഴേക്കും അയ്യായിരത്തിഅഞ്ഞൂറോളം കമന്റുകളാണ് വന്നത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം, മാസ്ക് ധരിക്കണം, രോഗലക്ഷണങ്ങളുണ്ടെങ്കിൽ പുറത്തിറങ്ങരുത് തുടങ്ങിയ പൊതുനിർദേശങ്ങളാണ് മന്ത്രിയുടെ പോസ്റ്റിലുള്ളത്.

പാർട്ടിസമ്മേളനങ്ങൾ നിർത്തിവെക്കുമോ എന്നാണ് ഒരാളുടെ ചോദ്യം. ഇത്തരം പോസ്റ്റുകൾ ഇടാതെ ഇരുന്നുകൂടെ, ആളുകളെ വിഡ്ഢിയാക്കുകയല്ലെ ഇത് തുടങ്ങിയ വിമർശനങ്ങളുമുണ്ട്. പ്രവാസികളുടെ ക്വാറൻറീനെതിരേയുള്ള പരാമർശങ്ങളും ധാരാളമുണ്ട്. കല്യാണത്തിന് തിരുവാതിരക്കളിവെച്ചാൽ എത്രപേർക്ക് പങ്കെടുക്കാമെന്നചോദ്യവും ചിലർ ചോദിക്കുന്നു. പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകൾ വിരളമാണ്.